Site iconSite icon Janayugom Online

ഭക്ഷ്യഎണ്ണയുടെ ഇറക്കുമതി തീരുവ കുറച്ചു

ഭക്ഷ്യഎണ്ണയുടെ ഇറക്കുമതി തീരുവ കുറച്ച് കേന്ദ്ര സര്‍ക്കാര്‍. 2025 മാര്‍ച്ച് വരെയാണ് ഇത് പ്രാബല്യത്തിലുണ്ടാവുക. പാമോയില്‍, സൂര്യകാന്തി എണ്ണ, സോയാബീൻ എണ്ണ എന്നിവയുടെ അസംസ്കൃത ഇറക്കുമതി തീരുവയാണ് കുറച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ശുദ്ധീകരിച്ച സോയാബീൻ എണ്ണ, സൂര്യകാന്തി എണ്ണ എന്നിവയുടെ അടിസ്ഥാന ഇറക്കുമതി തീരുവ 17.5 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായി കുറച്ചിരുന്നു. സസ്യ എണ്ണയുടെ ഇറക്കുമതിയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. 

ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യ പാമോയില്‍ ഇറക്കുമതി ചെയ്യുന്നത്. സോയാബീൻ എണ്ണയ്ക്കായി അര്‍ജന്റീനയെയാണ് ആശ്രയിക്കുന്നത്. ഉക്രെയ്ൻ, റഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് സൂര്യകാന്തി എണ്ണ ഇറക്കുമതി ചെയ്യുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എണ്ണവില നിയന്ത്രിക്കുന്നതിനാണ് നടപടിയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. അതേസമയം ഈ മാസം 18 മുതല്‍ കരിമ്പില്‍ നിന്നും ലഭിക്കുന്ന മൊളാസസിന്റെ കയറ്റുമതിയില്‍ സര്‍ക്കാര്‍ 50 ശതമാനം തീരുവ കൊണ്ടുവന്നിട്ടുണ്ട്. അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയുടെ ഭക്ഷ്യ എണ്ണ ഇറക്കുമതി 16 ശതമാനം കുറഞ്ഞിരുന്നു. ക്രൂ‍ഡ്, സംസ്കൃത പാമോയില്‍ ഇറക്കുമതി ഡിസംബറില്‍ 13.07 ലക്ഷം ടണ്ണായി കുറഞ്ഞു.

Eng­lish Summary;Import duty on edi­ble oil has been reduced
You may also like this video

Exit mobile version