ഐഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വയനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ അനൗചിത്യമുണ്ടെന്ന് സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം പി സന്തോഷ്‌കുമാർ എംപി. മണ്ഡലത്തിൽ സിപിഐ സ്ഥാനാർത്ഥിക്കെതിരെ പ്രിയങ്കയെ മത്സരിപ്പിക്കുകവഴി 2024 പൊതുതെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി നടത്തിയ മുന്നേറ്റത്തിന്റെ നിറമാണ് കോൺഗ്രസ് കെടുത്തിയതെന്ന് മീറ്റ് ദ പ്രസ് പരിപാടിയിൽ സന്തോഷ്‌കുമാർ പറഞ്ഞു.
വയനാട്ടിലടക്കം ബിജെപിയുടെ വളർച്ചയെ ആശങ്കയോടെയാണ് സിപിഐ കാണുന്നത്. ഈ സാഹചര്യത്തിലാണ് മണ്ഡലത്തിൽ കരുത്തനായ സ്ഥാനാർത്ഥിയെ നിർത്തിയത്. സത്യൻ മൊകേരിയെ മത്സരിപ്പിക്കുന്നതിലൂടെ രാഷ്ട്രീയ ഉത്തരവാദിത്തമാണ് സിപിഐയും ഇടതുമുന്നണിയും ഏറ്റെടുത്തത്. കാര്യങ്ങൾ വ്യക്തമായി പറഞ്ഞാണ് ഇടതുമുന്നണി വോട്ടർമാരെ സമീപിക്കുന്നത്. ഇതാണ് സിപിഐ എന്തിന് മത്സരിക്കുന്നുവെന്ന ചോദ്യത്തിനുള്ള മറുപടി.
ദുരന്തമുഖത്തുപോലും രാഷ്ട്രീയം കാണുകയാണ് ബിജെപി സർക്കാർ. പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതർക്ക് സഹായം കേന്ദ്രം പ്രഖ്യാപിക്കാത്തതിനു പിന്നിൽ രാഷ്ട്രീയമാണ്. ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയിൽ ആദ്യമായി ആവശ്യപ്പെട്ടത് താനാണെന്നും സന്തോഷ്‌കുമാർ പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു സംബന്ധിച്ചു.