Site iconSite icon Janayugom Online

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി

amoebicamoebic

അത്യപൂർവമായ അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്) കേരളത്തിൽ ആശങ്ക പടർത്തുന്നതിനിടെ കൊച്ചിയിൽ നിന്നൊരു ആശ്വാസ വാർത്ത. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള 12 വയസ്സുകാരന്റെ ആരോഗ്യനിലയിൽ മികച്ച പുരോഗതി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് കുട്ടിയെ കഴിഞ്ഞ ദിവസം ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റി. തൃശൂർ വെങ്കിടങ് പാടൂർ സ്വദേശിയായ 7ാം ക്ലാസ് വിദ്യാർത്ഥിയാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് അമൃതയിൽ ചികിത്സയിൽ കഴിയുന്നത്.

കഴിഞ്ഞ ജൂൺ 1 ന് പനിയെ തുടർന്ന് കുട്ടി പാടൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് രണ്ടിന് തൃശൂരിലെ സ്വകാര്യ മെഡിക്കൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ പനി കൂടിയതിനെ തുടർന്ന് കുട്ടിയെ ഇവിടെ നിന്നും തൃശൂർ ഗവ.മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ പുതുച്ചേരിയിലെ ലാബിലേക്ക് കുട്ടിയുടെ സെറിബ്രോ സ്‌പൈനൽ ഫഌയിഡ് സാമ്പിൾ അയച്ച് നടത്തിയ പരിശോധനയിലാണ് വെർമമീബ വെർമിഫോർസിസ് അണുബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. പിന്നീട് കുട്ടിയുടെ ആരോഗ്യനില മോശമാകുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിലായ കുട്ടിയെ ജൂൺ 16 ന് അമൃത ആശുപത്രിയിലേക്കെത്തിച്ചു. അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ സാമ്പിളുകൾ ഇതേ ലാബിലേക്ക് അയച്ചു നൽകി നടത്തിയ പുനഃപരിശോധനയിലും ഫലം പോസിറ്റീവായിരുന്നു. തുടർന്ന് ഒരാഴ്ചത്തെ ചികിത്സയ്ക്കു ശേഷം കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുകയും രണ്ടാഴ്ച മുമ്പ് വെന്റിലേറ്ററിന്റെ സഹായമില്ലാതെ കുട്ടി ശ്വസിച്ചു തുടങ്ങുകയും ചെയ്തു.
ഐസിയുവിൽ നിരീക്ഷണത്തിലായിരുന്ന കുട്ടിയെ ആരോഗ്യസ്ഥിതി തൃപ്തികരമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മുറിയിലേക്ക് മാറ്റിയത്. നിലവിൽ കുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ കാര്യമായ പുരോഗതിയുണ്ടെന്നും ആഴ്ചകൾക്കുള്ളിൽ പൂർണമായും ആരോഗ്യം വീണ്ടെടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചികിത്സയ്ക്ക് നേതൃത്വം നൽകിയ അമൃത ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. കെ പി വിനയൻ പറഞ്ഞു. അതേസമയം കുട്ടിക്ക് അമീബിക് അണുബാധയുണ്ടായത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. സമീപകാലത്ത് കുളത്തിലോ പുഴയിലോ കുളിച്ചിട്ടില്ലെന്നാണ് കുട്ടി പറയുന്നത്. വീടിന് സമീപത്തുള്ള പാടത്ത് കുട്ടി സ്ഥിരമായി ഫുട്‌ബോൾ കളിക്കാൻ പോകാറുണ്ടായിരുന്നു. ഇവിടെ നിന്നാകാം അമീബിക് ബാധയുണ്ടായതെന്നാണ് സംശയിക്കുന്നത്.

Eng­lish Sum­ma­ry: Improve­ment in the health sta­tus of a child with amoe­bic encephalitis

You may also like this video

Exit mobile version