Site iconSite icon Janayugom Online

ഇമ്രാന്‍ഖാന്‍ സുപ്രീം കോടതിയില്‍; പാകിസ്ഥാനില്‍ നാടകീയ രംഗങ്ങള്‍

പാകിസ്ഥാനില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയനീക്കം തടയാന്‍ നാടകീയ നീക്കങ്ങള്‍. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം ദേശീയ അസംബ്ലി യോഗം ചേര്‍ന്നുവെങ്കിലും അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ നാലുതവണ സമ്മേളനം നിര്‍ത്തിവച്ചു. പ്രമേയത്തിന്മേല്‍ വോട്ടെടുപ്പും നടന്നില്ല. അതിനിടെ സുപ്രീം കോടതി വിധിക്കെതിരെ ഇമ്രാന്‍ ഖാന്‍ അപ്പീല്‍ നല്‍കി. രാത്രി വൈകിയും അസംബ്ലി സമ്മേളനം തുടരുകയാണ്. അവിശ്വാസപ്രമേയം വോട്ടിനിട്ടാല്‍ ന്യൂനപക്ഷമായ ഇമ്രാന്‍ സര്‍ക്കാര്‍ നിലംപതിക്കുമെന്ന് ഉറപ്പാണ്.

രാവിലെ പത്തരയ്ക്ക് സഭ ചേര്‍ന്നെങ്കിലും പ്രതിപക്ഷം ബഹളം വച്ചതോടെ 12.30 വരെ സ്‍പീക്കര്‍ ആസാദ് ഖെെസര്‍ സഭ നിര്‍ത്തി വച്ചു. അജണ്ടയില്‍ നാലാമതായായിരുന്നു അവിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പ് ഉള്‍പ്പെടുത്തിയിരുന്നത്. ഇമ്രാന്‍ ഖാന്‍ സഭയിലെത്തിയിരുന്നില്ല. ഭരണകക്ഷിയില്‍ നിന്നുള്ള അംഗങ്ങളുടെ ഹാജര്‍ നിലയും കുറവായിരുന്നു.

അരമണിക്കൂറിനുള്ളിൽ വീണ്ടും സഭ ചേരും എന്നായിരുന്നു അറിയിച്ചിരുന്നത് എങ്കിലും സഭ പിന്നീട് സമ്മേളിച്ചത് രണ്ടര മണിക്കൂറിനു ശേഷം മാത്രമാണ്. അവസാന നിമിഷവും ഇമ്രാൻ നടത്തുന്ന കള്ളക്കളിയുടെ ഫലമായാണ് വോട്ടെടുപ്പ് വൈകിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ദേശീയ അസംബ്ലി യോഗം തുടരുന്നതിനിടെ മന്ത്രിസഭാ യോഗം വിളിച്ചു ചേര്‍ത്ത ഇമ്രാന്റെ നീക്കം പ്രതിപക്ഷത്തെയുള്‍പ്പെടെ അമ്പരപ്പിച്ചു.

മന്ത്രിസഭാ യോഗത്തിലാണ് ദേശീയ അസംബ്ലി പുനഃസ്ഥാപിച്ച സുപ്രീം കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ തീരുമാനമെടുത്തത്. എന്നാല്‍ അവിശ്വാസ പ്രമേയം വൈകിപ്പിക്കുന്നതല്ലാതെ മറ്റ് പ്രയോജനങ്ങള്‍ ഇതുകൊണ്ട് ഇമ്രാന്‍ ഖാന് ലഭിക്കില്ലെന്ന് വിലയിരുത്തപ്പെടുന്നു. സുപ്രീം കോടതിയുടെ അഞ്ചംഗ പ്രത്യേക ബെഞ്ച് രൂപീകരിച്ചാണ് വാദംകേട്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.

Eng­lish Sum­ma­ry: Imran Khan in Supreme Court; Dra­mat­ic scenes in Pakistan

You may like this video also

Exit mobile version