രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാൻ ഖാന്‍. പാകിസ്ഥാന്‍ ഇന്ത്യയില്‍ നിന്ന് ആത്മാഭിമാനം പഠിക്കണമെന്നും ലോകത്തിലെ വന്‍ശക്തികളായ രാജ്യങ്ങള്‍ പോലും ഇന്ത്യയുടെ വിദേശനയത്തില്‍ ഇടപെടില്ലെന്നും ഇമ്രാന്‍ പറഞ്ഞു. പൊതുജന താല്പര്യം മുന്‍നിര്‍ത്തി റഷ്യ- ഉക്രെയ്‍ന്‍ യുദ്ധത്തില്‍ സ്വതന്ത്ര നിലപാട് സ്വീകരിച്ചപ്പോഴും ഒരു രാജ്യവും ഇന്ത്യക്കെതിരെ പ്രതികരിച്ചില്ലെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.
റഷ്യക്കെതിരെ സംസാരിക്കാൻ യൂറോപ്യൻ പ്രതിനിധികൾ പാകിസ്ഥാനു മേല്‍ സമ്മർദം ചെലുത്തി. പക്ഷേ, ഇന്ത്യയോട് പറയാൻ അവർ ധൈര്യപ്പെട്ടില്ലെന്നും ഇമ്രാന്‍ പറഞ്ഞു. തന്റെ റഷ്യ സന്ദർശനത്തിൽ അമേരിക്ക അസന്തുഷ്ടരാണെന്നും സഖ്യരാജ്യമായിട്ടുപോലും പശ്ചാത്യ രാജ്യങ്ങൾ പാകിസ്ഥാനില്‍ 400 ഡ്രോൺ ആക്രമണങ്ങൾ നടത്തുകയും പ്രതിപക്ഷവുമായി ചേർന്ന് സർക്കാറിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നും ഇമ്രാന്‍ ആരോപിച്ചു.
അതേസമയം, ഇന്ത്യയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷ പാര്‍ട്ടിയായ പാകിസ്ഥാന്‍ മുസ്‍ലിം ലീഗ് — എന്‍ നേതാവ് മറിയം നവാസ് വിമര്‍ശനവുമായി രംഗത്തെത്തി. ഇന്ത്യയെ ഇഷ്‍ടപ്പെടുന്നുണ്ടെങ്കില്‍ പാകിസ്ഥാന്‍ ഉപേക്ഷിച്ച് ഇന്ത്യയില്‍ പോയി ജീവിക്കണമെന്ന് മറിയം പ്രതികരിച്ചു. അധികാരം നഷ്ടപ്പെടുന്നതിൽ ഭ്രാന്ത് പിടിക്കുന്ന ഒരാളോട്, മറ്റാരുമല്ല സ്വന്തം പാർട്ടിയാണ് പുറത്താക്കിയതെന്ന് ആരെങ്കിലും പറഞ്ഞുകൊടുക്കണം. ഇന്ത്യയെ പ്രശംസിക്കുന്നവർ, അവിടെ വിവിധ പ്രധാനമന്ത്രിമാർക്കെതിരെ 27 തവണ അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നുവെന്ന കാര്യം അറിയണമെന്നും മറിയം പറഞ്ഞു.
English Summary:Imran Khan wants Pakistan to learn self-esteem from India
You may also like this video