Site iconSite icon Janayugom Online

12ല്‍ തന്ത്രം പിഴച്ചു; ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഗുകേഷിനെതിരെ ഡിങ് ലിറന് ജയം

ചൈനീസ് താരത്തോട് തോല്‍വി വഴങ്ങി ഇന്ത്യയുടെ ഡി ഗുകേഷ്. ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ചൈനയുടെ ഡിങ് ലിറന്‍ 12-ാം ഗെയിമില്‍ വിജയം നേടി. ഇതോടെ പോയിന്റ് 6–6 എന്ന നിലയ്ക്കായി. ഞായറാഴ്ച 11-ാം ഗെയിമില്‍ ഗുകേഷ് വിജയം സ്വന്തമാക്കിയിരുന്നു. 

22 നീക്കങ്ങൾ അവസാനിക്കുമ്പോൾ തന്നെ മത്സരത്തിൽ ഡിങ് ലിറൻ വ്യക്തമായ മേൽക്കൈ നേടിയിരുന്നു. 39–ാം നീക്കത്തോടെ ഗുകേഷ് മത്സരം അവസാനിപ്പിച്ചു. ഒന്നാം പോരാട്ടം ഡിങ് ലിറൻ ജയിച്ചപ്പോൾ മൂന്നാം പോരിൽ ജയം പിടിച്ച് ഗുകേഷ് തിരിച്ചടിച്ചിരുന്നു. പത്താം മത്സരവും സമനിലയിൽ പിരിഞ്ഞതോടെ തുടരെ ഏഴ് പോരാട്ടങ്ങളാണ് ഒപ്പത്തിനൊപ്പമായത്. ആകെ 14 ഗെയിമുള്ള ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇനി രണ്ട് ഗെയിമുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. 7.5 പോയിന്റ് ആദ്യം നേടുന്നയാള്‍ ജേതാവാകും. അതേസമയം പോയിന്റ് തുല്യമായാല്‍ നാല് ഗെയിമുകളുള്ള റാപ്പിഡ് റൗണ്ട് നടക്കും. ഇന്ത്യന്‍ ഗ്രാന്‍ഡ്‌മാസ്റ്റര്‍ ഗുകേഷ് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈ­നലില്‍ ഏറ്റവും പ്രായം കുറഞ്ഞ ചലഞ്ചറാണ്.

Exit mobile version