Site iconSite icon Janayugom Online

ജനാധിപത്യത്തില്‍ ഗവര്‍ണര്‍ക്കുള്ള ബാധ്യതകള്‍ എന്തെന്ന് മനസിലാക്കുമെന്നാണ് പ്രതീക്ഷ: സ്പീക്കര്‍

ജനാധിപത്യത്തില്‍ ജനങ്ങളാണ് അധികാരികളെന്നും അവര്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ തീരുമാനിക്കുന്നവ നടപ്പാക്കാന്‍ എല്ലാവരും ബാധ്യസ്തരാണെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍. ദിവസങ്ങളോളം നിയമസഭാ സമ്മേളനം ചേര്‍ന്ന് ചര്‍ച്ചചെയ്ത് പാസാക്കുന്ന നിയമങ്ങളും ബില്ലുകളും ഗവര്‍ണര്‍ ഒപ്പിടാത്തതിനെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു സ്പീക്കര്‍. പതിനഞ്ചാം നിയമസഭയുടെ അഞ്ച്, ആറ് സമ്മേളനങ്ങള്‍ പാസാക്കിയ ഏഴ് പ്രധാന ബില്ലുകളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പാസാക്കാതെ വച്ചിരിക്കുന്നത്.

സർവകലാശാലാ നിയമങ്ങൾ (ഭേദഗതി) സംബന്ധിച്ച മൂന്ന് ബില്ലുകളും കേരള സഹകരണസംഘ (ഭേദഗതി) ബിൽ രണ്ടെണ്ണവും കേരള ലോകായുക്ത (ഭേദഗതി) ബില്ലും 2022ലെ കേരള പബ്ലിക് സർവീസസ് കമ്മിഷൻ (വഖഫ് ബോർഡിന്റെ കീഴിലുള്ള സർവീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) റദ്ദാക്കൽ ബില്ലുമാണ് ഗവര്‍ണര്‍ പിടിച്ചുവച്ചിരിക്കുന്നത്.

ഗവര്‍ണറുടെ നിഷേധനിലപാട് തിരുത്തുന്നതിന് നിയമസഭാ സ്പീക്കറുടെ ഇടപെടല്‍ ഉണ്ടാവുമോ എന്ന ചോദ്യത്തിന് ഈ സമ്മേളനത്തോടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയാണുള്ളതെന്ന് അദ്ദേഹം മറുപടി നല്‍കി. സര്‍ക്കാര്‍ അതിനായുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ജനാധിപത്യ സംവിധാനത്തില്‍ ഗവര്‍ണര്‍ക്കുള്ള ബാധ്യത അദ്ദേഹം മനസിലാക്കുമെന്നു തന്നെയാണ് കരുതുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.

Eng­lish Sum­ma­ry: In a democ­ra­cy, the peo­ple are the king; Speak­er AN Shamseer
You may also like this video

Exit mobile version