Site iconSite icon Janayugom Online

ആലപ്പുഴയില്‍ വിദ്യാർഥികൾക്ക്​​ കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും

ആലപ്പുഴ ലിയോതേർട്ടീന്ത്​ എച്ച്​.എസ്​.എസിലെ 27 വിദ്യാർഥികൾക്ക്​​ കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും. സ്കൂളിന്​ അവധി നൽകി. 12​പേർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. പ്ലസ്​വൺ സയൻസ്​ ബാച്ച്​ വിദ്യാർഥികളായ ആസിഫലി (16), മുഹമ്മദ്​ ആരിഫ് (16)​, മുഹമ്മദ്​ മുഹ്​സിൻ (16), അഭിനവ്​ ജോസഫ്​ (16), ആർ.പി. റിജോ (16), ഷാരോൺ ടി. ജോസ്​ (16) എന്നിവരടക്കമുള്ളവരാണ്​​ ചികിത്സതേടിയത്​. ഇതിൽ ശ്വാസം​മുട്ടൽ അനുഭവപ്പെട്ട ഷാരോൺ ടി. ജോസിനെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ നിരീക്ഷണമുറിയിൽ ഇരുത്തി ചികിത്സനൽകിയശേഷം വിട്ടയച്ചു. ബാക്കിയുള്ളവരെ മെഡിക്കൽ സംഘം സ്കൂളിലെത്തി പരിശോധിച്ചശേഷം വീട്ടിലേക്ക്​ പറഞ്ഞയച്ചു. ദേശീയവിരവിമുക്തദിനത്തിന്‍റെ ഭാഗമായി ഉച്ചഭക്ഷണത്തിനുശേഷം നൽകാനിരുന്ന വിരഗുളിക വിതരണവും മാറ്റി​വെച്ചു. വിദ്യാർഥികളുടെ കൈയിലും കഴുത്തിലും വയറിലുമാണ്​ ചൊറിച്ചിൽ അനുഭവപ്പെട്ടത്​. അസഹ്യമായതോടെയാണ്​ പലരും ചികിത്സതേടിയാണ്​. വിവരമറിഞ്ഞ്​ മാതാപിതാക്കളും ആശുപത്രിയിൽ എത്തിയിരുന്നു. 

തിങ്കളാഴ്ച പ്ലസ്​വൺ സയൻസ്​ ബാച്ചിൽ ക്ലാസ്​ മുറിയിലാണ്​ സംഭവങ്ങൾക്ക്​ തുടക്കം. സഹപാഠികളായ അഭിനന്ദ്​ (16), സനൂപ്​ (16), സ്​റ്റീവ്​ (16) എന്നിവർക്കാണ്​ ആദ്യം ചൊറിച്ചിലും ബുദ്ധിമുട്ടും നേരിട്ടത്​. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. തുടർന്ന്​ സ്കൂൾ അധികൃതർ ആരോഗ്യവിഭാഗത്തെ വിവരമറിയിച്ചു. ഇന്ന് ആരോഗ്യവിഭാഗം സ്കൂളിലെത്തി ക്ലാസ്​ മുറികൾ അണുവിമുതമാക്കി മടങ്ങിയതിന്​ പിന്നാലെയാണ്​ വീണ്ടും ചൊറിച്ചിൽ വില്ലനായത്​. നനഞ്ഞിരിക്കുന്ന ക്ലാസ്​ മുറിയിൽ ബാഗുവെച്ച്​ പുറത്തിറങ്ങി കുട്ടികൾക്കാണ്​ ആദ്യം അസ്വസ്ഥത അനുഭവപ്പെട്ടത്​. പിന്നീട്​ ഹയർസെക്കൻഡറി ബ്ലോക്കിലെ മറ്റ്​ കുട്ടികളിലേക്ക്​ ചൊറിച്ചിൽ പടർന്നതോടെ സ്കൂളിന്​ അവധിനൽകി.

ഇതിന്​ പിന്നാലെ ഡി.എം.ഒ ഓഫിസിലെ ​മെഡിക്കൽ സംഘം സ്കൂളിലെത്തി ചൊറിച്ചിൽ നേരിട്ട വിദ്യാർഥികളെ വിശദമായി പരിശോധിച്ചു. കൂട്ടത്തോടെ ചൊറിച്ചിൽ അനുഭവപ്പെട്ട ക്ലാസ്​ മുറിയി​ൽ പ്രാണികളുടെ ആക്രമാണോയെന്ന്​ സംശയമു​ണ്ടെന്ന്​ ഹയർസെക്കൻഡറി പ്രിൻസിപ്പൽ പി.ജെ. യേശുദാസ്​ പറഞ്ഞു. സ്ഥിതി നിയന്ത്രണവിധേയമായെങ്കിലും നാളെ പ്ലസ്​വൺ ​ ബാച്ചിന്​ അവധിനൽകുന്ന കാര്യവും പരിഗണനയിലുണ്ട്​. അതേസമയം, സംസ്ഥാന സ്കുൾ ശാസ്​ത്രോത്സവത്തിന്‍റെ ​പ്രധാനവേദികളിലൊന്നായ ലിയേതേർട്ടീന്ത്​ സ്കൂളിലെ ക്ലാസ്​ മുറിയിൽ ടീച്ചിങ്​ എയ്​ഡുമായി ബന്ധപ്പെട്ട പ്രവർത്തികളാണ്​ നടന്നത്​. ഇതിനൊപ്പം ശാസ്ത്രപരീക്ഷണങ്ങൾക്ക്​ ഉപയോഗിച്ച കെമിക്കലിൽനിന്നുണ്ടായതാണോയെന്ന സംശയവുമുണ്ട്.

Exit mobile version