Site iconSite icon Janayugom Online

അച്ഛനാരെന്ന് അറിയാത്ത യുവാവിന്റെ എല്ലാ സര്‍ട്ടിഫിക്കറ്റുകളിലും അമ്മയുടെ പേര് മാത്രം ചേര്‍ത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കണം

അച്ഛനാരെന്ന് അറിയാത്ത യുവാവിന്റെ എല്ലാ സര്‍ട്ടിഫിക്കറ്റുകളില്‍നിന്നും നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്ന പിതാവിന്റെ പേര് ഒഴിവാക്കി അമ്മയുടെ പേര് മാത്രം ചേര്‍ത്ത് പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ഹൈക്കോടതി. വിവാഹിതയല്ലാത്ത അമ്മയുടെ മകനും രാജ്യത്തിന്റെ പൗരനാണെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ അവര്‍ക്ക് നിഷേധിക്കാനാകില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ നിര്‍ണ്ണായക ഉത്തരവ്. അവര്‍ അവിവാഹിതയായ അമ്മയുടെ മാത്രം മക്കളല്ല, ഇന്ത്യ എന്ന മഹത്തായ രാജ്യത്തിന്റെ കൂടി സന്തതികളാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

സര്‍ട്ടിഫിക്കറ്റുകളില്‍നിന്ന് അച്ഛന്റെ പേര് ഒഴിവാക്കി നല്‍കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് യുവാവും അമ്മയും സംയുക്തമായി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മഹാഭാരതകഥയിലെ ‘കര്‍ണ്ണന്റെ’ ദുരിതപര്‍വം വിവരിക്കുന്ന കഥകളിപദങ്ങളും വിധിന്യായത്തിലുണ്ട്. പുതിയകാലത്തെ ‘കര്‍ണ്ണന്‍‘മാര്‍ക്ക് അന്തസോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള എല്ലാ സംരക്ഷണവും ഭരണഘടനയും ഭരണഘടനക്കോടതികളും ഉറപ്പുവരുത്തും. രണ്ടാഴ്ചയ്ക്കുള്ളില്‍ ജനനസര്‍ട്ടിഫിക്കറ്റില്‍നിന്ന് അച്ഛന്റെ പേര് ഒഴിവാക്കി അമ്മയുടെ മാത്രം പേര് ഉള്‍പ്പെടുത്തി പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഇതിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന അപേക്ഷയില്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് മുതല്‍ പാസ്പോര്‍ട്ട് വരെയുള്ള സര്‍ട്ടിഫിക്കറ്റില്‍നിന്നും പിതാവിന്റെ പേര് ഒഴിവാക്കി പുതിയത് നല്‍കണം.

പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് അജ്ഞാതനായ ആരില്‍നിന്നോ ഗര്‍ഭിണിയായ അമ്മയുടെ മകനായിരുന്നു ഹര്‍ജിക്കാരന്‍. അമ്മയും ഹര്‍ജിക്കാരിയായിരുന്നു. ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് അച്ഛന്റെ പേര് ഒഴിവാക്കി അമ്മയുടെ പേര് മാത്രം ഉള്‍പ്പെടുത്തി നല്‍കണമെന്നായിരുന്നു ആവശ്യം. ഹര്‍ജിക്കാരന്റെ ജനന സര്‍ട്ടിഫിക്കറ്റ്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് എന്നിവയില്‍ പിതാവിന്റെ പേര് മൂന്ന് തരത്തിലായിരുന്നു. സര്‍ട്ടിഫിക്കറ്റുകളില്‍ നിന്ന് പിതാവിന്റെ പേര് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയെങ്കിലും അധികൃതര്‍ നിരസിച്ചു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇംഗ്ലീഷ് നിഘണ്ടുവിലെ ‘ബാസ്റ്റര്‍ഡ്’ (അച്ഛനില്ലാത്തവന്‍) എന്ന വാക്കിന് ഉദാഹരണമായി പുതിയതലമുറയ്ക്ക് മുന്നില്‍ ചൂണ്ടിക്കാട്ടാന്‍ ആരുമില്ലാത്ത നാടായി രാജ്യം മാറണമെന്നും കോടതി അഭിപ്രായപ്പെട്ടു.

വിവാഹിതരല്ലാത്ത അമ്മമാരുടെയും ബലാത്സംഗത്തിനിരയായ അമ്മമാരുടെയും മക്കള്‍ക്കും അഭിമാനത്തോടെ ജീവിക്കാന്‍ കഴിയണം. പ്രത്യുല്പാദനക്കാര്യത്തിലുള്ള തിരഞ്ഞെടുപ്പ് സ്ത്രീയുടെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റില്‍ സിംഗിള്‍ പേരന്റിന്റെ പേര് മാത്രം രേഖപ്പെടുത്താന് അനുമതി നല്‍കി എബിസി കേസില്‍ സുപ്രീംകോടതിയുടെ ഉത്തരവുണ്ട്. കൃത്രിമ ബീജ സങ്കലനത്തിലൂടെ ഉണ്ടാകുന്ന കുട്ടികളുടെ ജനന രജിസ്ട്രേഷനായി പ്രത്യേക ഫോറം വേണമെന്ന് ഹൈക്കോടതിയും മുന്‍പ് ഉത്തരവിട്ടുണ്ട്.

Eng­lish sum­ma­ry; In all the cer­tifi­cates of the youth who do not know who the father is, only the name of the moth­er should be added to the certificate

You may also like this video;

Exit mobile version