Site iconSite icon Janayugom Online

അസമില്‍ പൗരത്വം തെളിയിക്കാത്ത 15 പേര്‍ക്ക് രാജ്യം വിടാന്‍ ഉത്തരവ്

അസമില്‍ വിദേശ പൗരന്മാര്‍ എന്ന് കണ്ടെത്തിയ 15 പേരോട് 24 മണിക്കൂറിനകം രാജ്യം വിടാന്‍ നിര്‍ദേശം. നവ്ഗോണ്‍ ജില്ലയിലെ ഫോറിനേഴ്സ് ട്രിബ്യൂണല്‍ പരിശോധനയില്‍ ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയ 15 പേരെയാണ് രാജ്യം വിടാന്‍ ജില്ലാ ഭരണകൂടം ഉത്തരവായത്. ഇവരുടെ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ എന്നിവ റദ്ദാക്കും. ഇവര്‍ക്ക് സര്‍ക്കാരിന്റെ യാതൊരു ക്ഷേമ പദ്ധതികളിലും ആനുകൂല്യം ലഭിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 1950ലെ കുടിയേറ്റ (അസമില്‍ നിന്ന് പുറത്താക്കല്‍) നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. റാഹ, കാലിയബോര്‍, സമഗുരി, രൂപാഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമവാസികളോടാണ് രാജ്യം വിടാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

നവംബർ 17നാണ് സീനിയർ പൊലീസ് സൂപ്രണ്ട് നാഗോൺ അയച്ച കത്തിന് ശേഷം 15 പേർക്കെതിരെ പുറത്താക്കല്‍ നടപടി ആരംഭിച്ചത്. നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനുള്ളിൽ ഓരോരുത്തരും ഇന്ത്യൻ പ്രദേശം വിട്ടുപോകണമെന്നാണ് ഉത്തരവിൽ പറയുന്നത്. നിശ്ചിത സമയത്തിനുള്ളിൽ വിട്ടുപോകാൻ അവർ പരാജയപ്പെട്ടാല്‍ നിർബന്ധിതമായി പുറത്താക്കൽ ആരംഭിക്കാൻ അധികാരമുണ്ടെന്ന് ഉത്തരവുകളിൽ പറയുന്നതായി അസം ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.
15 പേരില്‍ ഭൂരിപക്ഷവും മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവരാണ്. അനധികൃത കുടിയേറ്റ നടത്തിയെന്ന മറ്റൊരു കേസില്‍ ദിഗാലി അലി ഗ്രാമത്തിലെ ഹുസൈന്‍ അലി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ഷങ്ങളായി തങ്ങള്‍ ദിഗാലി അലി ഗ്രാമവാസികളാണെന്ന് ഹുസൈന്‍ അലിയുടെ ഭാര്യ പറഞ്ഞു. അന്യായമായ അറസ്റ്റിനെതിരെ ഹുസൈന്‍ അലി ഗുവഹാട്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. 

Exit mobile version