പശ്ചിമബംഗാളില്‍ വീണ്ടും ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് മുറുകി. സര്‍വകലാശാലകളില്‍ താല്‍ക്കാലിക വൈസ് ചാന്‍സിലര്‍മാരായി ഗവര്‍ണര്‍ നിയമിച്ചവര്‍ക്ക് ശമ്പളവും മറ്റ് അലവന്‍സുകളും നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവച്ചു. സര്‍ക്കാര്‍ നീക്കത്തെ രാജ്ഭവന്‍ ശക്തമായി എതിര്‍ത്തു. അധ്യാപക സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അടുത്തിടെയാണ് ഗവര്‍ണര്‍ സി വി ആനന്ദബോസ് രണ്ടുഘട്ടങ്ങളിലായി 14 സര്‍വകലാശാലകളില്‍ താല്‍ക്കാലിക വിസിമാരെ നിയമിച്ചത്. ആദ്യ ഘട്ടത്തില്‍ മൂന്നും രണ്ടാമത്തെ ഘട്ടത്തില്‍ 11 വിസിമാരെയുമാണ് നിയമിച്ചത്. ജാദവ്പൂര്‍ സര്‍വകലാശാല, കല്‍ക്കട്ട സര്‍വകലാശാല, ഗൗര്‍ ബാംഗ സര്‍വകലാശാല തുടങ്ങിയവയില്‍ ഉള്‍പ്പെടെയാണ് താല്‍ക്കാലിക വിസിമാരെ നിയമിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് വിസിമാരുടെ നിയമനം നടന്നിരിക്കുന്നതെന്ന് കാണിച്ച് കഴിഞ്ഞ ചൊവ്വാഴ്ച 14 സര്‍വകലാശാല രജിസ്ട്രാര്‍മാര്‍ക്കും നോട്ടീസ് അയച്ചിരുന്നു. വിസിമാരുടെ ശമ്പളവും മറ്റ് അലവന്‍സുകളും അവസാനിപ്പിക്കുകയാണെന്നും നോട്ടീസില്‍ പറയുന്നു. എന്നാല്‍ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലുള്ളതാണെന്നും കോടതി വിധി ലംഘിക്കുന്നതിന് പിന്നീട് ഖേദിക്കേണ്ടിവരുമെന്നും രാജ്ഭവന്‍ പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.
അതേസമയം പശ്ചിമബംഗാളിലെ ഉന്നത വിദ്യാഭ്യാസ മേഖല രണ്ട് ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള യുദ്ധത്തിനിടയില്‍ പെട്ടിരിക്കുകയാണെന്ന് കല്‍ക്കട്ട സര്‍വകലാശാല ടീച്ചേഴ്സ് അസോസിയേഷന്‍ പ്രതികരിച്ചു. വിദ്യാഭ്യാസമേഖലയെ സ്വതന്ത്രമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ജാദവ്പൂര്‍ സര്‍വകലാശാല ടീച്ചേഴ്സ് അസോസിയേഷനും സര്‍ക്കാര്‍ നടപടിയില്‍ എതിര്‍പ്പ് അറിയിച്ചു. യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചല്ല ഗവര്‍ണര്‍, നിയമനങ്ങള്‍ നടത്തിയിരിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി ബ്രത്യ ബസു നേരത്തെ പറഞ്ഞിരുന്നു.
English Summary: In Bengal, the Governor-Government cold war has intensified again
You may also like this video