Site iconSite icon Janayugom Online

മാതാപിതാക്കളുടെയും കുട്ടികളുടെയും ഏക ആശ്രയം താനാണ്: ബിൽക്കിസ് ബാനോ കേസിലെ പ്രതി സുപ്രീം കോടതിയിൽ

കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബില്‍ക്കീസ് ബാനു കേസിലെ കുറ്റവാളികള്‍ സുപ്രീം കോടതിയില്‍. ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് സഞ്ജയ് കാരോള്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് സുപ്രീം കോടതി രജിസ്ട്രിക്ക് നിര്‍ദേശം നല്‍കി.ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗ കേസിലെ 11 പ്രതികള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ ശിക്ഷാ ഇളവ് റദാക്കി ജനുവരി എട്ടിന് ഉത്തരവ് പുറപ്പെടുവിച്ച സുപ്രീംകോടതി പ്രതികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണമെന്ന് നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്വല്‍ ഭുയാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. 

കുറ്റവാളികള്‍ ജയിലില്‍ കീഴടങ്ങാനുള്ള കാലാവധി ഞായറാഴ്ച അവസാനിക്കും. അതിനിടയിലാണ് മൂന്നു പ്രതികള്‍ ആരോഗ്യ കാരണങ്ങളും മറ്റ് അസൗകര്യങ്ങളും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിലെത്തിയത്. കോടതി വിധിക്ക് പിന്നാലെ പ്രതികള്‍ ഒളിവിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊയ്ത്ത് കഴിഞ്ഞതിന് ശേഷം കീഴടങ്ങാമെന്ന് മിതേഷ് ചിമനാല്‍ ഭട്ട് എന്ന പ്രതി ഹർജിയില്‍ പറയുന്നു. 

വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കണമെന്നതാണ് ഗോവിന്ദഭായ് നയിയുടെ ആവശ്യം. മകന്റെ വിവാഹത്തിന് ഒരുക്കങ്ങള്‍ നടത്താൻ കീഴടങ്ങുന്നതിനുള്ള സമയപരിധി ആറാഴ്ച നീട്ടണമെന്ന് മറ്റൊരു കുറ്റവാളിയായ രമേഷ് രൂപഭായ് ചന്ദന ആവശ്യമുന്നയിക്കുന്നു. ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ ബെഞ്ച് വീണ്ടും രൂപീകരിക്കേണ്ടതുണ്ടെന്നും അതിനാല്‍ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ ലിസ്റ്റു ചെയ്യാനുമാണ് ജസ്റ്റിസ് ബി വി നാഗരത്‌ന രജിസ്ട്രിക്ക് നിര്‍ദേശം നല്‍കിയത്. ഹര്‍ജികള്‍ ഇന്ന് പരിഗണിച്ചേക്കും. 

Eng­lish Sum­ma­ry: In Bilkis Bano Case accused seeks Supreme Court

You may also like this video

Exit mobile version