കയറിത്താമസിക്കുവാന്‍ സ്വന്തമായി വീടില്ലാത്തതിനാല്‍ രാജ്യതലസ്ഥാനത്ത് തണുത്തു മരവിച്ച് മരിച്ചത് 145 പേര്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 39 ഭവനരഹിതരാണ് തണുപ്പ് സഹിക്കുവാനാകാതെ മരിച്ചതെന്ന് സെന്റര്‍ ഫോര്‍ ഹോളിസ്റ്റിക് ഡവലപ്മെന്റ് (സിഎച്ച്ഡി) എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുനില്‍ കുമാര്‍ അലോദിയ ന്യൂസ് ക്ലിക്ക് ഓണ്‍ലൈന്‍ പോര്‍ട്ടലിനോട് വെളിപ്പെടുത്തി.
സര്‍ക്കാരിന്റെ രാത്രികാല വീടുകളില്‍ സൗകര്യം ലഭിക്കാത്തതിനാല്‍ റോഡരികിലോ കട വരാന്തകളിലോ തണുപ്പത്ത് കിടക്കേണ്ടി വന്നവരാണ് മരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരി ഗേറ്റ്, യമുന പുസ്ത, നിഗംബോധ് ഘട്ട്, ജമുന ബസാര്‍, ചാന്ദ്നി ചൗക്ക്, ഡല്‍ഹി ഗേറ്റ്, ആസഫ് അലി റോഡ്, ജുമാ മസ്ജിദ്, ആസാദ്പൂര്‍, ഓഖ്‌ല, ബദ്‌ലി, കിങ്സ്‌വേ ക്യാമ്പ്, നിസാമുദ്ദീന്‍, സരായി കാലേ ഖാന്‍ എന്നിവിടങ്ങളിലെല്ലാം നിരവധി പേര്‍ രാത്രി തുറന്ന പ്രദേശങ്ങളില്‍ കിടന്നുറങ്ങുന്നതായി സിഎച്ച്ഡി നടത്തിയ സര്‍വേയില്‍ വ്യക്തമായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ 308 ഷെല്‍ട്ടര്‍ ഹോമുകളിലായി 9,330 പേര്‍ക്ക് രാത്രി തങ്ങുന്നതിനുള്ള സൗകര്യമാണുള്ളത്. ഞായറാഴ്ചത്തെ കണക്ക് പ്രകാരം ഇവിടങ്ങളില്‍ 8,200 അന്തേവാസികളാണുള്ളത്. അതേസമയം 2011ലെ കാനേഷുമാരി അനുസരിച്ച് രാജ്യ തലസ്ഥാനത്ത് 46,724 പേരാണ് ഭവനരഹിതരായുള്ളത്. എന്നാല്‍ ഒന്നര മുതല്‍ രണ്ടുലക്ഷംവരെ ഭവന രഹിതര്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടെന്നാണ് സന്നദ്ധ സംഘടനകളുടെ നിഗമനം.
തണുപ്പിന്റെ കാഠിന്യം കൂടുമ്പോള്‍ മരണ നിരക്ക് ഉയരാമെന്നും കൂടുതല്‍ രാത്രികാല കേന്ദ്രങ്ങള്‍ ആരംഭിക്കണണെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സിഎച്ച്ഡി നിവേദനം നല്കി.
English Summary:In Delhi, 145 people died due to cold
You may like this video ;