Site iconSite icon Janayugom Online

ഉത്തരേന്ത്യയില്‍ അഞ്ച് മാസത്തിനുള്ളില്‍ നടന്നത് 89 വിദ്വേഷ കുറ്റകൃത്യങ്ങള്‍

ആറ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അഞ്ച് മാസത്തെ കാലയളവില്‍ 89 വിദ്വേഷ കുറ്റകൃത്യങ്ങളും വിദ്വേഷ പ്രസംഗങ്ങളും നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 18 എണ്ണം ബിജെപി നേതാക്കളുമായി ബന്ധപ്പെട്ടുള്ളതാണ്. ഇത് മൊത്തം കണക്കിന്റെ 20 ശതമാനത്തിലും അധികമാണ്. മറ്റ് ഭൂരിപക്ഷം സംഭവങ്ങളും സംഘ്പരിവാറും ഹിന്ദുത്വ സംഘടനകളുമായി ബന്ധപ്പെട്ടുള്ളതാണെന്ന് ദ വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2021 ഒക്ടോബര്‍ മുതലുള്ള കാലയളവില്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാര്‍, ഹരിയാന എന്നിവിടങ്ങളിലാണ് ഈ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, വടക്കൻ ‘ഹിന്ദി ബെൽറ്റി‘ലെ മത പ്രേരിത വിദ്വേഷ പ്രസംഗങ്ങളെയും കുറ്റകൃത്യങ്ങളെയും കുറിച്ച് നിരീക്ഷിക്കുന്ന ദ വയറിന്റെ ‘ഹേര്‍ട്ട്‌ലാന്‍ഡ് ഹേറ്റ്‌വാച്ച്’ ന്റേതാണ് കണക്കുകള്‍.

മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ നേരെ നടക്കുന്ന അക്രമങ്ങളാണ് വിദ്വേഷ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നത്. ഒക്ടോബറിലാണ് ഏറ്റവും കൂടുതല്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത മുഴവന്‍ വിദ്വേഷ കുറ്റകൃത്യങ്ങളും മുസ്‌ലിംങ്ങള്‍ക്കെതിരെയുള്ളതാണ്. ഹരിയാനയില്‍ ആഴ്ചകളോളം നീണ്ടു നിന്ന വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കെതിരെ നടന്ന സംഘപരിവാര്‍ ആക്രമണവും ഇതില്‍ ഉള്‍പ്പെടുന്നു. നവംബറില്‍ 11 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഹരിദ്വാര്‍ സന്‍സദില്‍ ഹിന്ദുത്വ പുരോഹിതര്‍ നടത്തിയ വംശഹത്യാ ആക്രോശങ്ങളാണ് ഇതില്‍ ഏറെയും.

ക്രിസ്മസ് ദിനത്തില്‍ ഈ സംസ്ഥാനങ്ങളില്‍ പള്ളികള്‍ക്കെതിരെ ആറ് ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പരിപാടികള്‍ക്കെതിരെയും ആക്രമണങ്ങള്‍ നടന്നു.

ജനുവരിയില്‍ വിദ്വേഷ കുറ്റകൃത്യങ്ങളേക്കാള്‍ വിദ്വേഷ പ്രസംഗങ്ങള്‍ വര്‍ധിച്ചുവന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ പാകിസ്ഥാന്‍-ജിന്ന പരാമര്‍ശവും ഈ കാലയളവിലാണ് നടന്നത്. ഫെബ്രുവരിയില്‍ യുപിയില്‍ വച്ച് എഐഎംഐഎം നേതാവ് അസദുദീന്‍ ഒവൈസിക്കെതിരെ വധശ്രമം നടന്നു. ബിഹാറില്‍ ബീഫ് കഴിച്ചുവെന്നാരോപിച്ച് ജെഡിയു നേതാവ് മുഹമ്മദ് ഖലീലിനെ കൊലപ്പെടുത്തി.

89 സംഭവങ്ങളില്‍ 14 എണ്ണത്തിന് നേതൃത്വം നല്‍കിയത് ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകരാണ്. വിശ്വ ഹിന്ദു പരിഷത്ത്- അഞ്ച് ഹിന്ദു ഗോരക്ഷ് ദള്‍— നാല്, സംയുക്ത ഹിന്ദു സംഘര്‍ഷ് സമിതി- മൂന്ന്, ഹിന്ദു രക്ഷാ ദള്‍— രണ്ട് എന്നിങ്ങനെയാണ് കണക്ക്. അജ്ഞാത സംഘങ്ങളാണ് അഞ്ച് സംഭവങ്ങള്‍ക്ക് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Eng­lish Sum­ma­ry: In five months, there were 89 hate crimes in north­ern India

You may like this video also

Exit mobile version