Site icon Janayugom Online

ഗിനിയ‍യിൽ ഇന്ത്യൻ നാവികര്‍ ജയിലില്‍ എംബസി ഭക്ഷണം എത്തിച്ചു

സമുദ്രാതിർത്തി ലംഘിച്ചതിന് ഗിനിയയിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ നാവികരെ ജയിലിലേക്ക് മാറ്റി. കപ്പലിൽ ഉണ്ടായിരുന്ന ഒരാള്‍ പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഹോട്ടലിലേക്ക് എന്ന് തെറ്റിദ്ധരിപ്പിച്ച് ജയിലിലേക്ക് മാറ്റിയെന്നും ആയുധധാരികളായ പട്ടാളക്കാരെ കാവൽ ഏർപ്പെടുത്തിയിരിക്കുകയാണെന്നും ഇവർ അറിയിച്ചു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ 26 പേരാണുള്ളത്. ഇവരിൽ പതിനാറ് പേർ ഇന്ത്യക്കാരാണ്. ജയിലിലാക്കി പത്തുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഇന്ത്യന്‍ എംബസി ഇവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും എത്തിച്ചുകൊടുത്തു.

എക്വറ്റോറിയൽ ഗിനിയ സൈന്യമാണ് കപ്പലിനെ ഇപ്പോൾ നിയന്ത്രിക്കുന്നത്. നൈജീരിയയുടെ സമുദ്രാതിർത്തിയിൽ നിന്നും രക്ഷപ്പെട്ടാണ് ഇവർ ഗിനിയയുടെ പരിധിയിലെത്തിയത്. കപ്പൽ നൈജീരിയയ്ക്ക് കൈമാറുമെന്ന് എക്വറ്റോറിയൽ ഗിനിയ വൈസ് പ്രസിഡന്റ് മുൻപ് അറിയിച്ചിരുന്നു. ഇരുപത് ലക്ഷം ഡോളർ കപ്പൽ കമ്പനിയിൽ നിന്നും സമുദ്രാതിർത്തി ലംഘിച്ചതിന് ഈടാക്കിയ ശേഷമാണ് ഗിനിയ ഇത്തരത്തിൽ നടപടിയെടുത്തത്. അതേസമയം തങ്ങൾ അവശരാണെന്നും എത്രയും പെട്ടെന്ന് കേന്ദ്ര സർക്കാർ ഇടപെടണമെന്നും കപ്പലിലുളളവർ ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ‘കപ്പലിലുള്ള എല്ലാവരും മാനസികമായും ശാരീരികമായും തളർന്നിരിക്കുകയാണ്. ദയവ് ചെയ്ത് ഞങ്ങളുടെ പ്രശ്നത്തിൽ കാര്യമായി ഇടപെടണം. 20 നോട്ടിക്കൽ മൈൽ അകലെ നൈജീരിയൻ നേവിയുടെ കപ്പൽ കാത്തിരിക്കുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. 

എത്രയും പെട്ടെന്ന് ഞങ്ങളുടെ മോചനത്തിന് വേണ്ടി സർക്കാർ ഇടപെടണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഞങ്ങളിവിടെ തടവിലാണ്. ഞങ്ങളെ നൈജീരിയയിലേക്ക് കൊണ്ടുപോകാൻ അനുവദിക്കരുത്. എങ്ങനെയെങ്കിലും രക്ഷിക്കണം’- വീഡിയോയിൽ പറയുന്നു. തടവിലാക്കപ്പെട്ടവരില്‍ ഒരാള്‍ കൊച്ചി മുളവുകാട് സ്വദേശി മില്‍ട്ടന്‍ ആണ്. മില്‍ട്ടന്റെ ഭാര്യ ശീതള്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെ എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ മുഖേന പരാതി നല്‍കി.

ഇടപെടൽ നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പറയുമ്പോഴും നിലവിൽ കപ്പലിന് 20 നോട്ടിക്കൽ മൈൽ അകലെയായി നൈജീരിയൻ നേവി നില ഉറപ്പിച്ചിരിക്കുകയാണ്. ആശങ്കയുള്ള സാഹചര്യമാണുള്ളത്. ഓഗസ്റ്റ് മുതൽ മുതൽ മോചനത്തിനായി നിരന്തരം ഗിനിയയും നൈജീരിയയുമായി ബന്ധപ്പെടുന്നുണ്ടെന്നും തടവിൽ കഴിയുന്ന ജീവനക്കാരെ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമിക്കുമെന്നും ഗിനിയയിലെ ഇന്ത്യൻ എംബസി ട്വിറ്ററിലൂടെ അറിയിച്ചു. 

Eng­lish Summary:In Guinea, Indi­an sailors deliv­ered embassy food to a prison
You may also like this video

Exit mobile version