Site iconSite icon Janayugom Online

സമ്പൂര്‍ണ നിരോധനമുള്ള ഗുജറാത്തില്‍ മദ്യ — മയക്കുമരുന്ന് വ്യാപാരം പൊടിപൊടിക്കുന്നു

ഔദ്യോഗികമായി സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ച നരേന്ദ്ര മോഡിയുടെ സ്വന്തം തട്ടകമായ വൈബ്രന്റ് ഗുജറാത്തില്‍ മദ്യ- മയക്കുമരുന്ന് വ്യാപാരവും ഉപഭോഗവും വര്‍ധിക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് സംസ്ഥാനത്ത് വ്യാപാരം പൊടിപൊടിക്കുന്നത്. ജന്‍ ആക്രോശ് യാത്രയ്ക്കിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ജിഗ്നേഷ് മേവാനിയും സമാന വിഷയം ചൂണ്ടിക്കാട്ടിയിരുന്നു.

വര്‍ധിച്ചു വരുന്ന മദ്യ- മയക്കുമരുന്ന് വ്യാപാരം സംസ്ഥാനത്തെ സ്ത്രീകളുടെ ജീവിതമാണ് ദുരിതത്തിലാക്കിയത്. നിയമലംഘകരെ ബിജെപി നേതാക്കള്‍ സംരക്ഷിക്കുന്നതായും സംസ്ഥാനത്തെ പല ജില്ലകളും മദ്യ — മയക്കുമരുന്ന് മാഫിയയുടെ പിടിയിലമര്‍ന്നതായും സ്ത്രീകള്‍ ആരോപിച്ചു.

വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് വ്യാപാരം നിയന്ത്രിക്കാതെ സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും ജന്‍ ആക്രോശ് റാലിയില്‍ പങ്കെടുത്ത സ്ത്രീകള്‍ ചൂണ്ടിക്കാട്ടി.വഡ്ഗാം എംഎല്‍എയായ ജിഗ്നേഷ് മേവാനിയും സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന മദ്യ — മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനത്തില്‍ ആശങ്ക രേഖപ്പെടുത്തി. മയക്കുമരുന്ന് വ്യാപനത്തിനെതിരെ നിരവധി പ്രചരണ റാലികള്‍ സംഘടിപ്പിച്ച മേവാനി സംസ്ഥാന ഭരണകൂടം മനഃപൂര്‍വമായ അവഗണനയാണ് വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ആരോപിച്ചു. മയക്കുമരുന്ന് കടത്തും വില്പനയും സ്കൂളുകളിലും കോളജുകളിലും ചെറിയ പട്ടണങ്ങളിലും പോലും നുഴഞ്ഞുകയറിയതായി അദ്ദേഹം ആരോപിച്ചു.

രാഷ്ട്രീയ അനുഗ്രഹം ഇല്ലാതെ സംസ്ഥാനത്ത് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനം സാധ്യമല്ല. മയക്കുമരുന്ന് കടത്ത്, പിടികൂടല്‍, അറസ്റ്റ്, തീര്‍പ്പാകാത്ത അന്വേഷണം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിടണം. സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന അനധികൃത മദ്യ — മയക്കുമരുന്ന് വ്യാപാരം നിയന്ത്രിക്കാന്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി ഹര്‍ഷ് സംഘ്‌വി യാതൊരു പ്രതികരണവും നടത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Exit mobile version