Site iconSite icon Janayugom Online

ഇന്ത്യയിൽ ശരാശരി വിവാഹപ്രായം 29 ആയി ഉയർന്നു; റിപ്പോർട്ട്

ഇന്ത്യൻ യുവാക്കളുടെ വിവാഹ സങ്കല്പങ്ങളിലും രീതികളിലും വലിയ മാറ്റങ്ങൾ സംഭവിക്കുന്നതായി പുതിയ റിപ്പോർട്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ വിവാഹപ്രായം 27ൽ നിന്ന് 29 വയസ്സായി ഉയർന്നതായും പുനർവിവാഹം ആഗ്രഹിക്കുന്നവരുടെ എണ്ണത്തിൽ 43 ശതമാനം വർധനവുണ്ടായതായും പ്രമുഖ മാട്രിമോണിയൽ പ്ലാറ്റ്‌ഫോമായ ജീവൻസാത്തി പുറത്തിറക്കിയ ‘ദി ബിഗ് ഷിഫ്റ്റ്’ റിപ്പോർട്ട് വ്യക്തമാക്കുന്നു. കരിയറിലെ വളർച്ചയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കുമാണ് ഇന്നത്തെ യുവാക്കൾ മുൻഗണന നൽകുന്നത്. 2016 മുതൽ 2025 വരെയുള്ള കണക്കുകൾ പ്രകാരം, 50 ശതമാനം ആളുകളും പങ്കാളിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങുന്നത് 29 വയസ്സിനു ശേഷമാണ്. വൈകിയുള്ള വിവാഹം എന്നതിനേക്കാൾ ശരിയായ പങ്കാളിയെ കണ്ടെത്തുക എന്നതിനാണ് 90 ശതമാനം പേരും പ്രാധാന്യം നൽകുന്നത്.

ജാതി ചിന്തകൾക്ക് പ്രസക്തി കുറയുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2016ൽ 91 ശതമാനം പേർ ജാതി നിർബന്ധമാക്കിയിരുന്നെങ്കിൽ 2025ൽ അത് 54 ശതമാനമായി കുറഞ്ഞു. മെട്രോ നഗരങ്ങളിൽ ഇത് 49 ശതമാനം മാത്രമാണ്. കൂടാതെ, 87 ശതമാനം പുരുഷന്മാരും തങ്ങളേക്കാൾ കൂടുതൽ ശമ്പളമുള്ള സ്ത്രീകളെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് അറിയിച്ചു. വിവാഹ തീരുമാനങ്ങൾ എടുക്കുന്നതിൽ വ്യക്തിസ്വാതന്ത്ര്യം വർധിച്ചു. 77 ശതമാനം പ്രൊഫൈലുകളും ഉപയോക്താക്കൾ നേരിട്ടാണ് കൈകാര്യം ചെയ്യുന്നത്. എന്നാൽ, 69 ശതമാനം പേരും മാതാപിതാക്കളുടെ പങ്കാളിത്തം വിവാഹ പ്രക്രിയ എളുപ്പമാക്കുന്നതായി വിശ്വസിക്കുന്നു. വിവാഹമോചിതരെ വിവാഹം കഴിക്കാൻ അവിവാഹിതർ മുന്നോട്ട് വരുന്നതും വിവാഹമോചനവുമായി ബന്ധപ്പെട്ട സാമൂഹിക വിവേചനം കുറയുന്നതിന്റെ സൂചനയായി റിപ്പോർട്ട് വിലയിരുത്തുന്നു.

Exit mobile version