Site iconSite icon Janayugom Online

ജൂണിൽ 11 ശതമാനം മഴ കുറഞ്ഞു

രാജ്യത്ത് മണ്‍സൂണ്‍ ജൂണില്‍ 11 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യ‑വടക്കന്‍ ‑പശ്ചിമ ഇന്ത്യയില്‍ യഥാക്രമം 13, 33, 13 ശതമാനം മഴ കുറഞ്ഞു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ ജൂൺ മാസത്തിൽ സാധാരണയിൽ കൂടുതൽ മഴ പ്രവചിച്ചിരുന്നെങ്കിലും ലഭിച്ചത് കുറവായിരുന്നു. ജൂൺ പകുതിയോടെ മൺസൂണിന് ശക്തി നഷ്ടമായി. അതേസമയം തെക്കേ ഇന്ത്യയില്‍ ശരാശരിയെക്കാള്‍ 14 ശതമാനം മഴ കൂടുതല്‍ രേഖപ്പെടുത്തി. 

എന്നാല്‍ ജൂലൈയില്‍ രാജ്യത്ത് സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്ക് കിഴക്ക് ഭാഗങ്ങളിലെ പലയിടങ്ങളിലും വടക്ക് പടിഞ്ഞാറ് മേഖലകളിലെ ചിലയിടങ്ങളിലും കിഴക്കും തെക്ക്കിഴക്കന്‍ ഉപദ്വീപിലും ഇത്രയും മഴ ലഭിക്കില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മേധാവി മൃത്യുഞ്ജയ് മൊഹപത്ര വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെയും തെക്കന്‍ ഉപദ്വീപിലെയും പലയിടങ്ങളിലും പരമാവധി താപനില സാധാരണയിലും താഴെയായിരിക്കും. അതേസമയം മധ്യ ഇന്ത്യയുടെ പല ഭാഗത്തും വടക്ക് കിഴക്കന്‍ മേഖലയിലും കിഴക്കന്‍ തീരപ്രദേശങ്ങളിലും കിഴക്കും താപനില സാധാരണയിലും താഴെയാകാനും സാധ്യതയുണ്ട്. മേഘാവൃതമായ അന്തരീക്ഷം താപനില സാധാരണനിലയിലാക്കും.
വടക്ക് കിഴക്കന്‍ മേഖലയില്‍ ജൂണില്‍ റെക്കോഡ് താപനിലയാണ് രേഖപ്പെടുത്തിയത്, 31.73 ഡിഗ്രി. 1901ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന താപനിലയാണിതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

Eng­lish Sum­ma­ry: In June, rain­fall decreased by 11 percent

You may also like this video

Exit mobile version