Site iconSite icon Janayugom Online

മഡഗാസ്കറില്‍ സൈനികമേധാവി പ്രസിഡന്റായി സ്ഥാനമേറ്റു

സൈന്യം ഭരണം പിടിച്ചെടുത്തതിന് പിന്നാലെ മഡഗാസ്കര്‍ സൈനിക മേധാവി കേണൽ മിഷേൽ റാൻഡ്രിയാനിരിന പ്രസിഡന്റായി അധികാരമേറ്റു. സുപ്രീം കോടതിയുടെ പ്രധാന ചേമ്പറില്‍ സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം ചുമതലയേറ്റെടുത്തത്.
ജെൻ സി പ്രക്ഷോഭത്തിൽ പ്രസിഡന്റ് ആൻഡ്രി രജോലിന രാജ്യം വിട്ടതോടെയാണ് സൈന്യം ഭരണം പിടിച്ചെടുത്ത്. സൈന്യം പ്രക്ഷോഭകാരികൾക്കൊപ്പം ചേർന്നതോടെയാണ് പ്രസിഡന്റ് നാട് വിട്ടത്. വൈദ്യുതി ഇല്ല, കുടിവെള്ളമില്ല, ഉന്നത വിദ്യാഭ്യാസത്തിനായി പ്രവേശനം ലഭിക്കുന്നില്ല, ഉയർന്ന ജീവിതച്ചെലവ്, സർക്കാർ ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും പൊതു ഫണ്ട് ദുരുപയോഗം ചെയ്യുന്നു, അഴിമതി നടത്തുന്നു എന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധക്കാർ പ്രസിഡന്റിനെതിരെ തെരുവിലിറങ്ങിയത്.

അധികാരം പിടിച്ചെടുത്തതായി കേണൽ മിഷേൽ റാൻഡ്രിയാനിരിന ദേശീയ റേഡിയോയിലൂടെ അറിയിക്കുകയായിരുന്നു. രാജോലിനയെ ഇംപീച്ച് ചെയ്യുകയും ആഴ്ചകൾ നീണ്ട പ്രതിഷേധങ്ങളെത്തുടർന്ന് അദ്ദേഹം പലായനം ചെയ്യാൻ നിർബന്ധിതനാക്കുകയും ചെയ്തതിനെത്തുടർന്ന് അധികാരം ഏറ്റെടുത്തുവെന്നായിരുന്നു സൈന്യത്തിന്റെ പ്രഖ്യാപനം. നാഷണൽ അസംബ്ലി ഒഴികെയുള്ള എല്ലാ സംവിധാനങ്ങളും പിരിച്ചുവിട്ടു. തെരുവുകളിൽനിന്നും ഉയർന്ന മാറ്റത്തിനായുള്ള പ്രതിഷേധമാണിത്. അതിനാൽ തന്നെ ഈ ജെൻ സി പ്രതിഷേധക്കാരുടെ ആവശ്യങ്ങളെ ബഹുമാനിക്കേണ്ടതുണ്ടെന്നും റാൻഡ്രിയാനിരിന വ്യക്തമാക്കി. നിലവില്‍ രജോലിന എവിടെയാണെന്നത് സംബന്ധിച്ച വിവരങ്ങളില്ല. 

ലോകത്തിലെ നാലാമത്തെ വലിയ ദ്വീപായ മഡഗാസ്‌കറിൽ മൂന്ന് കോടിയോളം ജനസംഖ്യയുണ്ടെങ്കിലും ഇതിൽ നാലിൽ മൂന്ന് പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. 2009ൽ സൈന്യത്തിന്റെ പിന്തുണയോടെ പ്രസിഡന്റായിരുന്ന മാർക് രവലോമനാനയെ അട്ടിമറിച്ചാണ് അൻഡ്രി രാജോലിന അധികാരത്തിലെത്തിയത്.

Exit mobile version