ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ ശ്യാമപൂരില്‍ അനാഥാലയത്തില്‍ കയറിയ പൊലീസ് രണ്ട് മലയാളി വൈദികരെ അറസ്റ്റ് ചെയ്തു. സാഗര്‍ എന്ന പ്രദേശത്ത് കത്തോലിക്കാ സഭ നടത്തുന്ന അനാഥാലയത്തില്‍ നിന്നാണ് ഇ പി ജോഷി, നവീന്‍ ബി എന്നിവരെ അറസ്റ്റ് ചെയ്തത്. മുന്നറിയിപ്പില്ലാതെ എത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ജില്ലാ ശിശുക്ഷേമസമിതി ഉദ്യോഗസ്ഥരും പൊലീസ് സംഘവുമാണ് പരിശോധനക്കെത്തിയത്. ഓഫിസ് പരിശോധിച്ച സംഘം ഫയലുകളും കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണ്‍, സിസിടിവി എന്നിവയും നശിപ്പിച്ചു. കുര്‍ബാനയ്ക്കള്ള വീഞ്ഞ് മദ്യമാണെന്ന് ആക്ഷേപിച്ചതായും കുട്ടികളെ മതംമാറ്റുന്നതായി ആരോപിച്ചെന്നും വൈദികര്‍ പറഞ്ഞു. കന്യാസ്ത്രീകളുടെ മുറികള്‍ പൊലീസുകാര്‍ പരിശോധിച്ചതായും ആരോപണമുണ്ട്.
പള്ളിയിലെ അള്‍ത്താരയില്‍ കയറുന്നതിനും സംഘം ശ്രമിച്ചു. പരിശുദ്ധ സ്ഥാനമായ അള്‍ത്താര അശുദ്ധമാക്കരുതെന്ന് പറഞ്ഞതിന് പരിശോധന തടസപ്പെടുത്തുവാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് വൈദികരെ അറസ്റ്റ് ചെയ്തത്. എട്ടുമണിക്കൂര്‍ ചോദ്യം ചെയ്തതിനുശേഷം ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. രക്ഷിതാക്കളുടെ പരാതിയുണ്ടെന്ന് പറഞ്ഞ് അനാഥാലയത്തിലെ അന്തേവാസിയെ കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍ പരാതി സംബന്ധിച്ച് എന്തെങ്കിലും തെളിവുകള്‍ നല്കുവാന്‍ സംഘം സന്നദ്ധമായില്ലെന്ന് അനാഥാലയത്തിന്റെ നടത്തിപ്പുകാരിലൊരാളായ ഫാദര്‍ വര്‍ഗീസ് പറഞ്ഞു. അനാഥാലയത്തില്‍ മതം മറ്റം നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജനുവരില്‍ ഇതേ സ്ഥാപനത്തില്‍ പൊലീസും ഹിന്ദു സംഘടനാ പ്രവര്‍ത്തകരും മാംസം ഭക്ഷിച്ചുവെന്നാരോപിച്ച് 44 അന്തേവാസികളെ ഒഴിപ്പിക്കുന്നതിന് ശ്രമിച്ചിരുന്നു. ഇത് കോടതി തടയുകയും തല്‍സ്ഥിതി തുടരണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നതാണ്. ഇക്കാര്യം സംഘത്തെ അറിയിച്ചപ്പോള്‍ അവഗണിച്ചെന്നും കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്നും ഫാദര്‍ വര്‍ഗീസ് അറിയിച്ചു. എന്നാല്‍ അനാഥാലയത്തിനു നല്കിയ ഭൂമിയില്‍ വൈദികര്‍ പള്ളി നിര്‍മ്മിച്ചുവെന്നും നിയമലംഘനം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും ബാലവാകാശ കമ്മിഷന്‍ അധ്യക്ഷ പ്രിയങ്ക് കാനൂംഗ പറഞ്ഞു.
English Summary; In Madhya Pradesh, priests were arrested from an orphanage
You may also like this video