മലപ്പുറത്ത് 38 പേര്‍ക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 464 ആയി. ഇന്നലെ വരെ ജില്ലയിലെ 85 തദ്ദേശ സ്ഥാപനങ്ങളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കല്‍പകഞ്ചേരി (80), മലപ്പുറം നഗരസഭ (34), പൂക്കോട്ടൂര്‍ (30), കുറുവ (28), താനാളൂര്‍ (16), ഊരകം (13), കോട്ടയ്ക്കല്‍ നഗരസഭ (11), എ.ആര്‍ നഗര്‍ (10) എന്നിവടങ്ങളിലാണ് കൂടുതല്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ജില്ലയില്‍ അഞ്ചു വയസ്സു വരെയുള്ള കുട്ടികളില്‍ 162749 പേര്‍ എം ആര്‍ വാക്‌സിന്‍ എടുക്കാത്തവരാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചു.
അഞ്ചാം പനി രോഗ ബാധ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍, രോഗ വ്യാപനം തടയുന്നതിനായി ജില്ലയില്‍ സ്‌കൂളുകളിലും അങ്കണവാടികളിലും മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ജില്ലയില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍ പറഞ്ഞു. വാക്‌സിനേഷന്റെ പ്രാധാന്യം സംബന്ധിച്ച് ബോധവത്കരണം നടത്തും. സോഷ്യല്‍ മീഡിയ, വോയ്‌സ് ക്ലിപ്പിങുകള്‍ വഴിയും ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
English Summary: In Malappuram, 38 more people have been diagnosed with Measles
You may also like this video