Site iconSite icon Janayugom Online

മണിപ്പുരില്‍ 78.03 ശതമാനം പോളിങ്

മണിപ്പുർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 78.03 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രാജേഷ് അഗർവാള്‍ അറിയിച്ചു. കാങ്‌പോക്‌പി ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിങ് (82.97). ബിഷ്ണുപുരിലാണ് ഏറ്റവും കുറഞ്ഞ (73.44) പോളിങ്ങ് ശതമാനം. കനത്ത സുരക്ഷക്കിടയിലും തെരഞ്ഞെടുപ്പിനിടെ അങ്ങിങ്ങ് അക്രമ സംഭവങ്ങൾ അരങ്ങേറി. ഒരാൾ കൊല്ലപ്പെട്ടു. ഫെർസാൾ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥനാണ് മരിച്ചത്.

അഞ്ച് ജില്ലകളിലെ 38 അസംബ്ലി മണ്ഡലങ്ങളിലേക്കു് 1,721 കേന്ദ്രങ്ങളില്‍ രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ചുരാചന്ദ്പുർ ജില്ലയിൽ ഇരു പാർട്ടികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് പരിക്കേറ്റു. ഒരു വോട്ടിങ് യന്ത്രം കേടായി. ഇംഫാൽ വെസ്റ്റ് ജില്ലയിലെ ലംഗ്തബാൽ നിയോജക മണ്ഡലത്തിലെ കക്വ പ്രദേശത്ത് ബിജെപിയുടെ ബൂത്ത് നശിപ്പിക്കപ്പെട്ടു.

കെയ്റോ സീറ്റിൽ എൻപിപി സ്ഥാനാർത്ഥിയുടെ വാഹനം ചിലർ നശിപ്പിച്ചു. സെയ്തു മണ്ഡലത്തിലെ ഒരു പോളിങ് സ്റ്റേഷനിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് പോളിങ് തടസപ്പെട്ടു.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ച മണിപ്പുർ റൈഫിൾസിന്റെ ഹവിൽദാറിനെ തിങ്കളാഴ്ച പുലർച്ചെ ഫെർസാൾ ജില്ലയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായാണ് പൊലീസ് അറിയിച്ചത്. കൂടുതൽ അന്വേഷണം നടക്കുന്നുവെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടിയാണ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചതെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സ്ഥിരീകരിച്ചു.

ഹീൻഗാങ്ങിൽ മത്സരിക്കുന്ന മുഖ്യമന്ത്രി എൻ ബിരേൻ സിങ്, സിങ്ജാമൈയിൽ നിന്ന് സ്പീക്കർ വൈ ഖേംചന്ദ് സിങ്, യുറിപോക്കിൽ ഉപമുഖ്യമന്ത്രി യുംനാം ജോയ്‍കുമാർ സിങ്, നമ്പോലിൽ കോൺഗ്രസ് അധ്യക്ഷൻ എൻ ലോകേഷ് സിങ് എന്നിവരുൾപ്പെടെയുള്ളവരുടെ വിധി ഇന്നലെ നിർണയിക്കപ്പെട്ടു.

10. 49 ലക്ഷം സ്ത്രീകളും 9.58 ലക്ഷം പുരുഷന്മാരും ഉൾപ്പടെ 20 ലക്ഷത്തിലധികം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. രണ്ടാം ഘട്ട വോട്ടെടുപ്പ് മാർച്ച് അഞ്ചിന് നടക്കും.

eng­lish sum­ma­ry; In Manipur, the turnout was 78.03 per cent

you may also like this video;

Exit mobile version