Site iconSite icon Janayugom Online

മട്ടന്നൂരിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടികൂടി

കണ്ണൂർ മട്ടന്നൂരിലെ ജനവാസ മേഖലയിൽ ഭീതി പരത്തിയ കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടികൂടി. കൂടാളി ചിത്രാരിയിൽ വച്ചാണ് ഉച്ചയ്ക്ക് 12 മണിയോടെ  വനംവകുപ്പ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. പിടികൂടിയ കാട്ടുപോത്തിനെ ആറളം വന്യജീവി സങ്കേതത്തിലേക്ക് മാറ്റാനാണ് വനംവകുപ്പിന്റെ നീക്കം. വ്യാഴാഴ്ച രാത്രി മുതലാണ് കിളിയങ്ങാട്ട് കാട്ടുപോത്തിനെ കണ്ടെത്തിയത്. കിളിയങ്ങാട് മേറ്റടി റോഡിലൂടെ നീങ്ങിയ കാട്ടുപോത്ത് പിന്നീട് വെള്ളിയാംപറമ്പിലെ കിൻഫ്ര പാർക്കിനായി ഏറ്റെടുത്ത സ്ഥലത്ത് നിലയുറപ്പിച്ചു. കാട്ടുപോത്ത് ജനവാസ മേഖലയിൽ ചുറ്റിത്തിരിഞ്ഞ സാഹചര്യത്തിൽ കീഴല്ലൂർ പഞ്ചായത്തിലെ 6, 7 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

കാട്ടുപോത്തിനെ തുരത്താൻ സമീപത്ത് വനമില്ലാത്തതിനാൽ വനംവകുപ്പിന് സാധിക്കാതെ വന്നു. ഇതേത്തുടർന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ മയക്കുവെടി വച്ച് പിടികൂടാൻ തീരുമാനിച്ചത്. വെറ്ററിനറി ഡോക്ടർ ഇല്യാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടികൂടിയത്

Exit mobile version