Site iconSite icon Janayugom Online

എംപിമാരുടെ റസിഡന്‍ഷ്യല്‍ കോപ്ലക്സ് വിവാദത്തില്‍; കരാര്‍ നേടിയത് മോഡിയുടെ വിശ്വസ്തന്‍

ഓഗസ്റ്റ് 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ന്യൂഡൽഹിയിലെ ബാബ കടക് സിങ് മാർഗിൽ പാർലമെന്റ് അംഗങ്ങൾക്കായി ഉദ്ഘാടനം ചെയ്ത പുതിയ റെസിഡൻഷ്യൽ കോംപ്ലക്സ് വിവാദത്തില്‍. എംപിമാരുടെ പാർപ്പിട സമുച്ചയത്തിന് പിന്നിലെ നിർമ്മാണ കമ്പനിയായ സാം ഇന്ത്യ എല്‍എല്‍പിക്ക് ഗുജറാത്ത് ബന്ധമുണ്ട്, മോഡിയുടെ ധോലേര സ്വപ്നവുമായി കമ്പനി ബന്ധപ്പെട്ടിരിക്കുന്നു. ധോലേര പദ്ധതിയില്‍ കമ്പനി നടത്തിയ നിക്ഷേപത്തിന് പകരമായി നിരവധി കേന്ദ്ര സർക്കാർ പദ്ധതികൾക്കുള്ള കരാറുകൾ കമ്പനി നേടിയിട്ടുണ്ടെന്നും വിവരങ്ങള്‍ പുറത്തുവന്നു,
നാല് ഇന്ത്യൻ നദികളുടെ പേരുകളിൽ അറിയപ്പെടുന്ന റസിഡൻഷ്യൽ കോംപ്ലക്സിൽ നാല് ടവറുകളും ഓരോ ടവറിലും 25 നിലകളുണ്ട്, കൂടാതെ എംപിമാർക്കായി ആകെ 184 ഫ്ലാറ്റുകളുമുണ്ട്. പൂർണമായ ആധുനിക സൗകര്യങ്ങളും 5,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഫ്ലാറ്റുകളിൽ എംപിമാരുടെ ഓഫീസിനും താമസത്തിനും ഇടമുണ്ടാകും. 477.5 കോടി രൂപയിൽ കൂടുതൽ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയിരിക്കുന്നത്. ഓരോ ഫ്ലാറ്റിനും കണക്കുപ്രകാരം മന്ത്രാലയത്തിന് 2,59,54,287 രൂപ ചെലവായിട്ടുണ്ടാകും. സെൻട്രൽ ഡൽഹിയിലെ ഒരു മികച്ച സ്ഥലത്ത്, 2.59 കോടി രൂപയ്ക്ക് 5,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു ഫ്ലാറ്റ് അതിശയിപ്പിക്കുന്ന ഒന്നായിരിക്കും.
418.60 കോടി രൂപയ്ക്ക് ഡൽഹി മെട്രോ അക്വാ ലൈൻ സ്റ്റേഷനുകൾ, 171 കോടി രൂപയ്ക്ക് നോയിഡയിലെ സെക്ടർ 50ൽ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) സ്റ്റാഫ് ക്വാർട്ടേഴ്‌സ്, 755 കോടിയിലധികം രൂപയ്ക്ക് 2020ൽ മജന്ത ലൈനിലെ ഡിഎംആർസിയുടെ അശോക് വിഹാർ എക്സ്റ്റൻഷൻ ജോലികൾ, 256 കോടി രൂപയ്ക്ക് ത്യാഗരാജ് ഡൽഹി സിപിഡബ്ല്യുഡി, 71 കോടി രൂപയ്ക്ക് മുംബൈയിൽ ഒരു കേന്ദ്ര സർക്കാർ സംരംഭമായ എക്‌സ്‌പോർട്ട് ക്രെഡിറ്റ് ഗ്യാരന്റി കോർപറേഷൻ ഓഫ് ഇന്ത്യയുടെ നിർമ്മാണം എന്നിവ നടത്തുന്നതിന് പുറമേ 327.70 കോടി രൂപയ്ക്ക് ഗുഡ്ഗാവിലെ സർക്കാർ ഉടമസ്ഥതയിലുള്ള പഞ്ചാബ് നാഷണൽ ബാങ്കിനായി ഒരു ഡാറ്റാ സെന്റർ, മുംബൈ മെട്രോ റെയിൽ കോർപറേഷനായി ഒരു ഡിപ്പോ കം വർക്ക്‌ഷോപ്പ് എന്നിവയും സാം ഇന്ത്യ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.
2007 ൽ ആരംഭിച്ചപ്പോൾ സാം (ഇന്ത്യ) ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്നായിരുന്നു കമ്പനിയുടെ പേര്, പിന്നീട് സാം (ഇന്ത്യ) എൽഎൽപി എന്ന് മാറ്റി. മദൻ ലാല്‍ ഗാര്‍ഗാണ് കമ്പനിയുടെ ചെയര്‍മാന്‍. രോഹിണിയിലെ ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ ഡൽഹി സർക്കാരിന്റെ നിർമ്മാണ കരാറും സാം ഇൻഫ്ര നേടിയിരുന്നു. ഈ ഓഗസ്റ്റിൽ, കമ്പനിയുടെ സഹോദര സ്ഥാപനമായ സാം ഇന്ത്യ ബിൽറ്റ് വെൽ പ്രൈവറ്റ് ലിമിറ്റഡ്, അതിന്റെ ഫേസ് 5 എ പദ്ധതിയിൽ 9.9 കിലോമീറ്റർ നീളമുള്ള ഇന്ദ്രപ്രസ്ഥ‑ആർ. കെ. ആശ്രമ മാർഗ് ഇടനാഴിയിൽ വരുന്ന യുഗെയുഗീൻ ഭാരത് ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമ്മിക്കുന്നതിനുള്ള ഡിഎംആർസിയുടെ കരാറും നേടി.
ജൂലൈയിൽ ഗാർഗ് റിയൽറ്റി ഗ്രൂപ്പ് പ്രധാനമന്ത്രി മോഡിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ സ്വപ്ന പദ്ധതിയായ ധോലേര പദ്ധതിക്കായി അടുത്ത മൂന്ന് വർഷത്തേക്ക് 400 കോടി രൂപ ചെലവഴിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതിനകം 20–22 ഏക്കർ ഭൂമിയിൽ കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ട്. രാജ്യത്തെ ആദ്യ ആസൂത്രിത ഗ്രീൻഫീൽഡ് നഗരമായിട്ടാണ് ധോലേര സ്പെഷ്യൽ ഇൻവെസ്റ്റ്മെന്റ് റീജിയനെ വിഭാവനം ചെയ്തിരിക്കുന്നത്. വർഷങ്ങളായി, ആയിരക്കണക്കിന് കോടി കേന്ദ്ര ഫണ്ടുകൾ ധോലേര സൃഷ്ടിക്കുന്നതിനായി നീക്കിവച്ചിട്ടുണ്ട്.

Exit mobile version