Site iconSite icon Janayugom Online

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135.6 അടിയായി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.6 അടിയായി ഉയർന്നു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴയെ തുടർന്ന് നീരൊഴുക്ക് ശക്തമായതോടെയാണ് ജലനിരപ്പ് ഉയർന്നത്.
മുല്ലപ്പെരിയാറിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നത് പെരിയാർ തീരങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിലവിൽ സെക്കന്റിൽ 5840 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇടുക്കി-തമിഴ്‌നാട് അതിർത്തി മേഖലകളിൽ മഴയുള്ളതിനാൽ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറവാണ്. സെക്കന്റിൽ 1000 ഘനയടി വെള്ളമാണ് ഇപ്പോൾ തമിഴ്‌നാട് കൊണ്ടുപോകുന്നത്. 

തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടിൽ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുത്ത് കൊണ്ടിരിക്കുകയാണ്. 67.65 അടിയാണ് ഇന്നലെ ജലനിരപ്പ്. വൈഗ അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 71 അടിയാണ്. തമിഴ്‌നാട്ടിലും കനത്ത മഴ തുടരുന്നതിനാൽ വൈഗ അണക്കെട്ടിലെ ജലനിരപ്പ് വൈകാതെ പരമാവധി സംഭരണശേഷിയോട് അടുക്കും. അതിനാൽ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് ഇനിയും കുറയ്ക്കാനിടയുണ്ട്. അങ്ങനെ വന്നാൽ മുല്ലപ്പെരിയാറിൽ ജലനിരപ്പ് വലിയ രീതിയിൽ ഉയരാൻ സാധ്യത കൂടുതലാണ്.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെയും കനത്ത മഴ തുടരുകയാണ്. നീരൊഴുക്ക് വർധിച്ചാൽ ഇന്ന് പുലർച്ചയോടെ ജലനിരപ്പ് 136 അടിയിലേക്ക് എത്തും. ഇന്നലെ രാവിലെ ജലനിരപ്പ് 134.9 അടിയും നീരൊഴുക്ക് 4118 ഘനയടിയുമായിരുന്നു. ബുധനാഴ്ച വൈകിട്ട് 134 അടിയായിരുന്നു ജലനിരപ്പ്. 

Eng­lish Sum­ma­ry: In Mul­laperi­yar, the water lev­el reached 135.6 feet

You may also like this video

Exit mobile version