Site iconSite icon Janayugom Online

മൂന്നാറില്‍ നിയന്ത്രണംവിട്ട് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; സ്‌കൂള്‍ കുട്ടികള്‍ക്ക് പരിക്ക്

മൂന്നാറില്‍ വിനോദ സഞ്ചാരികളായ സ്‌കൂള്‍ കുട്ടികളുമായി വന്ന ജീപ്പ് അപകടത്തില്‍പ്പെട്ടു. മാട്ടുപ്പെട്ടിക്ക് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടില്‍ നിന്നും മൂന്നാറില്‍ വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തില്‍പ്പെട്ട കുട്ടികള്‍ സഞ്ചരിച്ചിരുന്ന ജീപ്പ് ആണ് താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ പരിക്ക് ഗുരുതരമാണ്. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. തമിഴ്‌നാട് കരൂരില്‍ നിന്ന് രണ്ട് ബസുകളിലായിരുന്നു വിദ്യാര്‍ഥികളുടെ സംഘം വിനോദസഞ്ചാരത്തിനായി മൂന്നാറിലെത്തിയത്. അവിടെ നിന്ന് തുടര്‍യാത്രയ്ക്ക് ഇവര്‍ ജീപ്പെടുക്കുകയായിരുന്നു. അതിനിടെയാണ് അപകടം ഉണ്ടായത്.

പരിക്കേറ്റ മറ്റു കുട്ടികള്‍ മൂന്നാറിലെ ആശുപത്രിയില്‍ ചികിത്സ തേടി. ജീപ്പില്‍ ആകെ എട്ടു വിദ്യാര്‍ഥികള്‍ ആണ് ഉണ്ടായിരുന്നത്. പ്രദേശത്ത് ജീപ്പുകളുടെ മത്സരയോട്ടത്തെക്കുറിച്ച് നിരവധി തവണ പരാതികള്‍ ഉയര്‍ന്നിരുന്നു. നിറയെ വളവുകളുള്ള വഴിയാണിത്. അതിനിടെയാണ് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞത്.

Exit mobile version