സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ജീവൻ നഷ്ടപ്പെട്ടത് 3426 പേർക്ക്. ക്രൈം റെക്കോർഡ്സ് ബ്യൂറോ ഈ മാസം ആദ്യവാരം പുറത്ത് വിട്ട കണക്കിൽ സംസ്ഥാനത്ത് വാഹനാപകടങ്ങൾ വർധിച്ചതായിട്ടാണ് വ്യക്തമാകുന്നത്.
2021 ഡിസംബർ 30 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്തെ വാഹനാപകടങ്ങളിൽ മുൻ വർഷത്തെ അപേക്ഷിച്ച് ക്രമാതീതമായ വർധനവാണ് കാണിക്കുന്നത്. 33321 വാഹനാപകടങ്ങളാണ് 2021ൽ ആകെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2020ൽ ഇത് 27877 ആയിരുന്നു. പോയ വർഷം 3426 പേരുടെ ജീവനുകൾ നഷ്ടമായപ്പോൾ അപകടങ്ങളിൽ സാരമായും അല്ലാതെയും പരിക്കേറ്റത് 36803 പേർക്കാണ്.
2020ൽ 2979 പേർക്ക് വിവിധ വാഹനാപകടങ്ങളിലായി ജീവൻ നഷ്ടമായപ്പോൾ 30510 പേരാണ് ചെറുതും വലുതുമായ പരിക്കുകളേറ്റ് ചികിൽസ തേടിയത്. രാവിലെ 9 മണി മുതൽ 12 വരെയുള്ള സമയങ്ങളിലും പകൽ 3 മണി മുതൽ വൈകീട്ട് 5 വരെയും വൈകീട്ട് 6 മണി മുതൽ രാത്രി 9 മണിവരെയുള്ള സമയങ്ങളിലും വാഹനാപകടങ്ങൾ കൂടുതലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. റോഡിന്റെ അവസ്ഥയേക്കാൾ ഡ്രൈവർമാരുടെ അശ്രദ്ധമൂലം ഉണ്ടാകുന്ന അപകടങ്ങളാണ് ഭൂരിഭാഗവും.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് 2019ലും 2018ലുമാണ്. 2019ൽ 41111 അപകടങ്ങളിലായി 4440 പേർക്ക് ജീവൻ നഷ്ടമായിരുന്നു. 2018ൽ 40181 അപകടങ്ങളിലായി 4303 പേർക്കും ജീവൻ നഷ്ടമായതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. വാഹനാപകടങ്ങൾ വർധിച്ചു വരുന്നതിന്റെ അടിസ്ഥാനത്തിൽ സേഫ് കേരള പദ്ധതിയുടെ ഭാഗമായി ജില്ലകൾ തോറും വാഹന പരിശോധന ഈ വർഷം കർശനമാക്കുകയും ഗതാഗത നിയമലംഘകരെ പിടികൂടാൻ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ക്യാമറകൾ ഉൾപ്പെടെ സ്ഥാപിച്ച് വരികയുമാണ്.
English Summary: In one year, 3426 lives were lost in road acc-idents
You may like this video also