Site iconSite icon Janayugom Online

വില ഏകീകരണമില്ല; ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്ക് വില കുതിച്ചുയരുന്നു

വില ഏകീകരണം ഇല്ലാത്തതിനാൽ ഹോട്ടൽ ഭക്ഷണങ്ങൾക്ക് വില കുതിച്ചുയരുന്നു. ഒരേ ഭക്ഷണസാധനങ്ങള്‍ക്ക് കടകളിൽ വില ഈടാക്കുന്നത് തോന്നിയ പോലെ ആയതോടെ ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്നവർ നട്ടംതിരിയുകയാണ്. നഗരത്തിനുള്ളിൽ തന്നെ ഒരേ ഇനങ്ങൾക്ക് പല കടകളിലും പല വിലയാണ്. റെയിൽവേ സ്റ്റേഷൻ പരിസരം, ബസ് സ്റ്റാഡിനു സമീപം, നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങള്‍ എന്നിവിടങ്ങളിൽ നിന്നും ഭക്ഷണം കഴിച്ചാൽ കീശ കാലിയാകും. എന്നാൽ ഇതേ വിഭവങ്ങൾക്ക് തിരക്കൊഴിഞ്ഞ പ്രദേശങ്ങളിൽ വില കുറവുമാണ്. വില ഏകീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമില്ല. 

നഗരത്തിനുള്ളിൽ ചായയ്ക്ക് 12 മുതൽ 18 രൂപ വരെയാണ് വില. തിരക്കേറിയ ഇടങ്ങളിൽ എട്ടിന് മുകളിൽ സീറ്റിംഗ് കപ്പാസിറ്റിയുള്ള കടകളിൽ ഇത് 15 മുതൽ 20 വരെ ഉയരും. കോഫിക്ക് 20 മുതൽ 25 രൂപ വരെയും. ലഘുഭക്ഷണങ്ങൾക്ക് 12 മുതൽ 20 രൂപ വരെയും ഈടാക്കുന്നുണ്ട്. എന്നാൽ ചെറിയ കടകളിൽ ഇവയ്ക്ക് 10 മുതൽ 15 രൂപ വരെ മാത്രമാണ് ഈടാക്കുന്നത്. ഭക്ഷണ സാധനങ്ങൾക്ക് (ചപ്പാത്തി, പൊറോട്ട, അപ്പം) 15 മുതൽ 22 രൂപ വരെയും കറികൾക്ക് 35 മുതൽ 45 രൂപ വരെയുമാണ് വില. ഇറച്ചി, മീൻ വിഭവങ്ങൾക്ക് 70 മുതൽ 300 രൂപ വരെ ഈടാക്കുന്ന കടകളുമുണ്ട്. ഉച്ചയൂണിന് 75 രൂപ മുതൽ 120 രൂപ വരെയാണ് വില. ബിരിയാണി, നെയ്ച്ചോർ എന്നിവയ്ക്ക് 120 മുതൽ മുകളിലുമാണ് വില. തിരക്കേറിയ ഇടങ്ങളിൽ സ്ഥിരം ഉപയോക്താക്കൾ അല്ലാത്തതിനാൽ തോന്നുംപടിയുള്ള വിലവർധന ചോദ്യം ചെയ്യില്ലെന്നതും അനിയന്ത്രിതമായി വില വർധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. 

അതേസമയം,ഹോട്ടൽ ഭക്ഷണങ്ങളുടെ വില ഏകീകരണം അപ്രായോഗികമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ (കെഎച്ച്ആർഎ) പ്രതികരിച്ചു. പല കടകളിലും പല വിലയുടെ സാധനങ്ങളാണ് ഉപയോഗിക്കുന്നത്. അതിനാൽ തന്നെ ഒരേ വില ഈടാക്കുക അപ്രായോഗികമാണ്. വ്യാപാര സ്ഥാപനങ്ങൾ ഉപയോക്താവിന് നൽകുന്ന മറ്റ് സേവനങ്ങളുടെയും ഗുണനിലവാരത്തിന്റെയും അടിസ്ഥാനത്തിലാണ് പല കടകളും പല വില ഈടാക്കുന്നതെന്നാണ് കെഎച്ച്ആര്‍എ ഭാരവാഹികള്‍ പറഞ്ഞു.

Eng­lish Sum­ma­ry: In price con­sol­i­da­tion; Hotel food prices are skyrocketing

You may also like this video

Exit mobile version