അട്ടിമറി വിജയം നേടി പഞ്ചാബില്‍ അധികാരത്തിലേറിയ ആം ആദ്മി പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പ്രതിവര്‍ഷം 20,600 കോടി രൂപ അധിക ചെലവ് വരുമെന്ന് റിപ്പോര്‍ട്ട്.
സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ പ്രിന്റാണ് കണക്ക് പുറത്തുവിട്ടത്. എല്ലാ വീടുകളിലും പ്രതിമാസം മുന്നൂറ് യൂണീറ്റുവരെ സൗജന്യ വൈദ്യുതി, സ്ത്രീകള്‍ക്ക് ആയിരം രൂപ ധനസഹായം എന്നിവയാണ് തെരഞ്ഞെടുപ്പില്‍ ആം ആദ്മി മുന്നോട്ട് വച്ച പ്രധാന വാഗ്ദാനങ്ങള്‍. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന പഞ്ചാബില്‍ ഈ വാഗ്ദാനങ്ങള്‍ നടപ്പാക്കാനാണ് ഇത്രയധികം തുക ചെലവ് പ്രതീക്ഷിക്കുന്നത്.
117 സീറ്റുകളില്‍ 92 സീറ്റുകള്‍ സ്വന്തമാക്കിയാണ് ആം ആദ്മി പഞ്ചാബിന്റെ ഭരണം പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ അമൃത്സറില്‍ നടന്ന റോഡ്ഷോയില്‍ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് ആംആദ്മി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌വാള്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനങ്ങള്‍ സര്‍ക്കാരിനെ 2.82 ലക്ഷം കോടിയുടെ ബാധ്യതയിലേക്ക് നയിക്കുമെന്ന് നയവിദഗ്ധരും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പറയുന്നു.
ആംആദ്മി അധികാരത്തിലെത്തിയാല്‍ പുതിയ നികുതികള്‍ ഏര്‍പ്പെടുത്തില്ലെന്ന് ജനുവരി 29ന് കെജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നു. സാമ്പത്തികപരമായി ഈ വാഗ്ദാനങ്ങള്‍ എങ്ങനെ നടപ്പാക്കാനാണ് പദ്ധതിയിടുന്നത് എന്നത് സംബന്ധിച്ച് ആംആദ്മി ഇതുവരെ പ്രതികരിച്ചിട്ടില്ല.
എല്ലാ വീടുകളിലും സൗജന്യ വൈദ്യുതി നല്‍കുന്നതിലൂടെ പ്രതിമാസം ഏകദേശം 5000 കോടിരൂപയുടെ ബാധ്യതയും സ്ത്രീകള്‍ക്കുള്ള ധനസഹായത്തിന് 15600 കോടിയും ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
english summary;In Punjab, AAP needs Rs 20,600 crore to deliver on its promises
you may also like this video;