പഞ്ചാബില്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര പ്രശ്നം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പാര്‍ട്ടി നവജ്യോത് സിംഗ് സിദ്ദുവിന്റെ സമ്മര്‍ദത്തിന് വഴങ്ങുമെന്നാണ് സൂചന. രണ്ട് വിഭാഗങ്ങളെയും പിണക്കാതിരുന്നാല്‍ ഇവര്‍ രണ്ട് പേരും തിരഞ്ഞെടുപ്പില്‍ നന്നായി പ്രവര്‍ത്തിക്കുമെന്നും, ബാക്കി തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാമെന്നുമാണ് രാഹുല്‍ കരുതുന്നത്. ഇത് മധ്യപ്രദേശില്‍ അടക്കം നേരത്തെ രാഹുല്‍ നടപ്പാക്കിയ ഫോര്‍മുലയാണ്.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രഖ്യാപിക്കില്ലെന്നാണ് സൂചന. ഇത് പക്ഷേ വന്‍ തിരിച്ചടിയാവുമോ എന്ന പേടി ഹൈക്കമാന്‍ഡിനുണ്ട്. ഒപ്പം കൂട്ടായ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. അതില്‍ തന്നെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ അനുസരിച്ച് മുഖ്യമന്ത്രി സ്ഥാനം നല്‍കും. നിലവില്‍ പാര്‍ട്ടിക്കുള്ളിലെ പിന്തുണ സിദ്ദുവിന് കൂടുതലാണ്. എന്നാല്‍ സര്‍ക്കാരില്‍ പിന്തുണ ചരണ്‍ജിത്ത് സിംഗ് ചന്നിക്കാണ്. അതുകൊണ്ട് തിരഞ്ഞെടുപ്പ് ചന്നിക്ക് വളരെയധികം നിര്‍ണായമാണ്.
എന്നാല്‍ എന്ത് വന്നാലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കരുതെന്നാണ് സിദ്ദു നിര്‍ദേശിച്ചിരുന്നത് മുഖ്യമന്ത്രിയെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ ദളിത് വോട്ടുകള്‍ നേടാന്‍ മാത്രമാണ് സഹായകരമാകുക എന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് ചന്നിയെ മുഖ്യമന്ത്രിയാക്കിയ സ്ഥിതിക്ക് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുന്നതിലും വലിയ എതിര്‍പ്പുകള്‍ ഉണ്ടാവാം. ദളിത് മുഖ്യമന്ത്രിയെന്ന വാദം നേരത്തെ വലിയ രീതിയില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്തിരുന്നതാണ്. ജാതിസമവാക്യത്തെ കൃത്യമായി കൊണ്ടുപോകാന്‍ നല്ലത് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതാണെന്ന് സിദ്ദു ക്യാമ്പ് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.
സ്‌ക്രീനിംഗ് കമ്മിറ്റി ഇതിനോടകം എംഎല്‍എമാരെയും എംപിമാരെയും അടക്കം കണ്ട് ഇക്കാര്യം വിലയിരുത്തി കഴിഞ്ഞു. ഒരു വിഭാഗം പാര്‍ട്ടി നേതാക്കള്‍ ചന്നിയെ കോണ്‍ഗ്രസ് മുഖമായി ഉയര്‍ത്തി കാണിക്കുന്നതില്‍ എതിര്‍പ്പറിയിച്ചിട്ടുണ്ട്. പകരം കൂട്ടായ നേതൃത്വം മതിയെന്നാണ് നിര്‍ദേശം. ദളിത് മുഖ്യമന്ത്രിയെ വെച്ച് പ്രചാരണം നടത്തിയാല്‍ മറ്റ് സമുദായങ്ങളെല്ലാം അകന്ന് പോകുമെന്ന ഭയം കോണ്‍ഗ്രസിനുണ്ട്. ജാട്ടുകളും ഹിന്ദുക്കളും കോണ്‍ഗ്രസിന് ആവശ്യമുള്ള വോട്ടുബാങ്കാണ്. പ്രമുഖ നേതാക്കള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനം നല്‍കിയത് തന്നെ ഇത്തരം സമവാക്യങ്ങള്‍ കൃത്യമായി കൊണ്ടുവരുന്നതിനാണ്. നവജ്യോത് സിംഗ് സിദ്ദു ജാട്ട് സിഖാണ്.
മുന്‍ അധ്യക്ഷന്‍ സുനില്‍ ജക്കാര്‍ തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി അധ്യക്ഷനാണ്. ഈ നിയമനമെല്ലാം മുന്നോക്ക വിഭാഗം വോട്ടുകളെ കൂടി ലക്ഷ്യമിട്ടുള്ളതാണ്.ഉപമുഖ്യമന്ത്രി സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ് ജാട്ട് സിഖാണ്. മറ്റൊരു ഉപമുഖ്യമന്ത്രി ഒപി സോണി ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ സുനില്‍ ജക്കറിനെ പോലൊരു പ്രമുഖ നേതാവ് ഇത്തവണ ഇടംപിടിച്ചിട്ടുണ്ട്. മുമ്പൊരിക്കലും സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ ശക്തരായ നേതാക്കളെ ചെയര്‍മാനായി കൊണ്ടുവരാറില്ലായിരുന്നു. അതേസമയം ഓരോ സീറ്റിലും കോണ്‍ഗ്രസ് സര്‍വേ നടത്തുന്നുണ്ട്. ഇതിനോടകം രണ്ട് സുപ്രധാന യോഗങ്ങളാണ് നടന്നിരിക്കുന്നത്.
ഒരു കുടുംബത്തിന് ഒരു ടിക്കറ്റ് എന്ന നയമാണ് ഇത്തവണയുള്ളത്. കോണ്‍ഗ്രസില്‍ ജനപ്രീതിയുള്ളവര്‍ക്ക് മാത്രം സ്ഥാനാര്‍ത്ഥിത്വം ലഭിക്കൂ എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ സിദ്ദു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ പിന്നോട്ട് പോകുന്നത് സിദ്ദുവിന്റെ ജയമാണ്.
അദ്ദേഹത്തിന്റെ ഗ്രൂപ്പിന് ഇത് പ്രതീക്ഷയാണ്. പാര്‍ട്ടിക്കുള്ളില്‍ അമരീന്ദര്‍ സിംഗിനെ മാറ്റിയ ശേഷം സിദ്ദു രൂപീകരിച്ച ഗ്രൂപ്പ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ വാദിക്കുന്നുണ്ട്. എന്നാല്‍ ഹൈക്കമാന്‍ഡ് അതിന് തയ്യാറല്ല. ഈ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ പ്രഖ്യാപന സിദ്ദുവിന് പ്രതീക്ഷയാണ്. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ സിദ്ദു നേടുമെന്നാണ് കരുതുന്നത്. എങ്കില്‍ ചന്നി ഇപ്പോഴത്തെ പോരാട്ടത്തില്‍ പുറത്താവും.
English Summary: In Punjab, the Congress succumbs to the pressure of Navjot Singh Sidhu
You may like this video also