Site iconSite icon Janayugom Online

പഞ്ചാബില്‍ പിസിസി അദ്ധ്യക്ഷന്‍, പ്രതിപക്ഷനേതൃസ്ഥാനത്തിനായി കോണ്‍ഗ്രസില്‍ തമ്മിലടി

അധികാരം ഉണ്ടായിരുന്ന പഞ്ചാബ് നഷ്ടപ്പെട്ടിട്ടും സ്ഥാനങ്ങള്‍ക്കായി പഞ്ചാബ് കോണ്‍ഗ്രസ് ഘടകത്തില്‍ വടംവലി.പ്രമുഖ നേതാക്കളും മുഖ്യമന്ത്രിയുമടക്കം തെരഞ്ഞെടുപ്പില്‍ തോറ്റു. പക്ഷേ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിലെ തമ്മിലടി മാറുന്നില്ല. ഇത്രയും മോശം പ്രകടനമാണ് നടത്തിയതെന്ന് ബോധ്യപ്പെട്ടിട്ടും നേതാക്കള്‍ വടംവലി തുടരുകയാണ്. സംസ്ഥാന കോണ്‍ഗ്രസില്‍ ഒഴിഞ്ഞുകിടക്കുന്ന പോസ്റ്റുകളിലേക്കാണ് ഇവരെല്ലാം നോട്ടമിടുന്നത്.

പല ഗ്രൂപ്പുകളാണ് കോണ്‍ഗ്രസില്‍ ഉള്ളത്. പ്രധാനമായും പ്രതിപക്ഷ നേതാവിന്റെ പോസ്റ്റാണ് നേതാക്കള്‍ ലക്ഷ്യമിടുന്നത്. നവജ്യോത് സിംഗ് സിദ്ദുവിനെ മാറ്റിയ സാഹചര്യത്തില്‍ പുതിയ സംസ്ഥാന അധ്യക്ഷനെയും കോണ്‍ഗ്രസിന് ആവശ്യമുണ്ട്. എന്നാല്‍ നേതാക്കള്‍ പദവികള്‍ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ്. സിദ്ദുവിന്റെ ഗ്രൂപ്പും ഈ പ്രശ്‌നത്തിന് പിന്നിലുണ്ട്. ചരണ്‍ജിത്ത് സിംഗ് ചന്നിയെ പ്രതിപക്ഷ നേതാവാക്കി ഹൈക്കമാന്‍ഡ് കൊണ്ടുവന്നേക്കുമെന്ന് സൂചനയുണ്ട്. തോറ്റത് പഞ്ചാബിലെ തമ്മിലടി കാരണമാണെന്നും, അല്ലാതെ ദളിത് ഫോര്‍മുല പിഴച്ചതല്ലെന്നും ഹൈക്കമാന്‍ഡ് കരുതുന്നു.

സുനില്‍ ജക്കറിന്റെ ചില പരാമര്‍ശങ്ങളും തിരിച്ചടിയായെന്ന് പഞ്ചാബിലെ എംപിമാര്‍ കുറ്റപ്പെടുത്തിയിരുന്നു. സിദ്ദു-ജക്കര്‍ ഗ്രൂപ്പുകളെ പൂര്‍ണമായും സോണിയാ ഗാന്ധി പഞ്ചാബില്‍ അധികാര കേന്ദ്രങ്ങളില്‍ നിന്ന് മാറ്റാനാണ് സാധ്യത. ചന്നിക്ക് രാഹുല്‍ ഗാന്ധിയുടെ പിന്തുണയുമുണ്ട്. എന്നാല്‍ എന്ത് നിലപാട് സോണിയ എടുക്കുമെന്നത് ഇപ്പോഴും സസ്‌പെന്‍സായി തുടരുകയാണ്. ഹൈക്കമാന്‍ഡ് തീരുമാനം വരുന്നത് വരെ തമ്മിലടിയുണ്ടാവും. പക്ഷേ അത് കഴിഞ്ഞാലും രൂക്ഷമാകാനാണ് സാധ്യത. സുല്‍ത്താര്‍പൂര്‍ ലോധിയില്‍ 25 നേതാക്കളുടെ ഒരു ഗ്രൂപ്പ് മുന്‍ എംഎല്‍എ നവതേജ് ചീമയുടെ വീട്ടില്‍ ഒത്തുച്ചേര്‍ന്നിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഈ യോഗം രഹസ്യ സ്വഭാവത്തിലുള്ളതാണ്. ഇവര്‍ പ്രതിപക്ഷ നേതാവിനെ കണ്ടെത്താനുള്ള യോഗമാണ് ചേര്‍ന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം സിദ്ദുവും ഈ യോഗത്തിലുണ്ടായിരുന്നു എന്നാണ്. സിദ്ദു പിന്നണിയില്‍ ഇരുന്നാണ് കോണ്‍ഗ്രസില്‍ പിടിമുറുക്കുന്നത്. സുഖ്പാല്‍ ഖെയിറയെ പ്രതിപക്ഷ നേതാവാക്കാന്‍ ഇവര്‍ സമ്മര്‍ദം ചെലുത്തുകയാണ്. സിദ്ദുവിനെ വീണ്ടും സംസ്ഥാന അധ്യക്ഷനാക്കാനുമാണ് ഇവരുടെ താല്‍പര്യം.

ഖെയിറയ്ക്ക് പുറമേ പഗ്വാരയില്‍ നിന്നുള്ള ബിഎസ് ധാലിവാളാണ് യോഗത്തില്‍ പങ്കെടുത്ത മറ്റൊരു എംഎല്‍എ. ദോബ മേഖലയിലാണ് ഈ കൂടിക്കാഴ്ച്ച നടന്നത്. സിദ്ദുവിന്റെ വിശ്വസ്തരായ പര്‍ഗട്ട് സിംഗ്, ബാവ ഹെന്റി എന്നിവരൊന്നും ഈ യോഗത്തില്‍ പങ്കെടുത്തില്ല. മുന്‍മ മന്ത്രി എംഎസ് കായ്പീ, മുന്‍ എംഎല്‍എമാരായ രാകേഷ് പാണ്ഡെ, അശ്വനി ശേഖ്രി, സുനില്‍ ദത്തി, ദവീന്ദര്‍ സിംഗ് ഗുബായ, സുഖ്വീന്ദര്‍ ഡാനി, ജഗ്‌ദേവ് സിംഗ് കമലു, പിര്‍മല സിംഗ്, രൂപീന്ദര്‍ റൂബി, എന്നിവരാണ് പങ്കെടുത്ത നേതാക്കള്‍. പ്രതാപ് സിംഗ് ബജ്വയെ പ്രതിപക്ഷ നേതാവാക്കാന്‍ ശക്തമായ നീക്കം നടക്കുന്നുണ്ട്. ഇതിനെ വെട്ടാനാണ് സിദ്ദു ഗ്രൂപ്പിന്റെ നീക്കം. സിദ്ദു ഗ്രൂപ്പ് സമ്മര്‍ദം ഇനിയും ചെലുത്തുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Eng­lish Sum­ma­ry: In Pun­jab, the PCC pres­i­dent is fight­ing in the Con­gress for the lead­er­ship of the opposition

You may also like this video:

Exit mobile version