Site iconSite icon Janayugom Online

രാജസ്ഥാനിലും ഗവര്‍ണറുടെ ചാന്‍സലര്‍ പദവി നീക്കും

കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കുന്നു. ചാന്‍സലറെ ഇനി മുതല്‍ മുഖ്യമന്ത്രി നേരിട്ട് നിയമിക്കും. ഇതിനായി രാജസ്ഥാന്‍ സ്റ്റേറ്റ് ഫണ്ടണ്ട് യൂണിവേഴ്സിറ്റീസ് എന്ന പുതിയ നിയമം പാസാക്കും.

ചാൻസലറുടെ കാലാവധി അഞ്ച് വർഷമോ അല്ലെങ്കിൽ മുഖ്യമന്ത്രി അടുത്ത ചാൻസലറെ നിയമിക്കുന്നത് വരെയോ ആയിരിക്കുമെന്നും നിയമത്തിന്റെ കരട് രേഖയില്‍ പറയുന്നു. ഗവര്‍ണര്‍മാര്‍ക്ക് സര്‍വകലാശാല വിസിറ്റര്‍ പദവി നൽകുമെന്നും ബില്ലില്‍ പറയുന്നു.

തമിഴ്നാടും പശ്ചിമബംഗാളും നേരത്തെ ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്രയും സർക്കാരും തമ്മില്‍ നടക്കുന്ന പോരിന്റെ അനന്തരഫലമാണ് പുതിയ നടപടി. കോണ്‍ഗ്രസ് സര്‍ക്കാരില്‍നിന്ന് ഇത്തരമൊരു നീക്കം ആദ്യമായാണ്.

രാജസ്ഥാനില്‍ സർവകലാശാലകളുമായി ബന്ധപ്പെട്ടുള്ള സർക്കാർ തീരുമാനങ്ങൾ അംഗീകരിക്കാതെ തള്ളിക്കളയുകയാണ് ഗവർണർ ചെയ്തിരുന്നത്. ഏറ്റവുമൊടുവിൽ ഹരിദേവ് ജോഷി ജേണലിസം യൂണിവേഴ്‌സിറ്റിയിലെ ബോർഡ് ഓഫ് സ്റ്റഡീസ് ഗവർണർ ഇടപെട്ട് മാറ്റിയിരുന്നു.

കേരളം, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങി ബിജെപി ഇതര സര്‍ക്കാരുകള്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം ഗവര്‍ണമാരെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ സര്‍വകലാശാല ഭരണത്തിലടക്കം ഇടപെടുന്നുണ്ട്.

Eng­lish summary;In Rajasthan too, the post of Gov­er­nor-Chan­cel­lor will be removed

You may also like this video;

Exit mobile version