Site iconSite icon Janayugom Online

റഷ്യയിൽ 25 വയസിൽ താഴെ അമ്മയാകുന്ന വിദ്യാർഥിനികൾക്ക് 81000 രൂപ അധിക സഹായം നല്‍കും

ജപ്പാനും ചൈനയ്ക്കും പിന്നാലെ ജനനനിരക്ക് ഉയര്‍ത്തുന്നതിന് പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങി റഷ്യയും. 25 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥികള്‍ക്കായി പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് റഷ്യന്‍ റിപ്പബ്ലിക്കായ കരേലിയ. ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നവർക്ക് ഏകദേശം ഒരു ലക്ഷം റൂബിളിന്റെ സഹായമാകും റഷ്യൻ സർക്കാർ നൽകും. മോസ്‌കോ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

2025 ജനുവരി ഒന്നുമുതലാണ് ഈ ‘പ്രസവ പ്രോത്സാഹന’ നയം പ്രാബല്യത്തില്‍ വന്നത്. 25 വയസ്സിന് താഴെയുള്ള, ഒരു പ്രാദേശിക സര്‍വ്വകലാശാലയിലോ കോളജിലോ മുഴുവന്‍ സമയ വിദ്യാര്‍ത്ഥിയും കരേലിയയിലെ താമസക്കാരിയും ആയിട്ടുള്ള വിദ്യാർഥിനികൾക്കാണ് അവസരം.

എന്നാൽ, ആരോഗ്യമുള്ള കുഞ്ഞ് എന്ന പരാമർശം കൂടുതൽ ചോദ്യങ്ങൾ ഉയർന്നു വരാൻ കാരണമായിട്ടുണ്ട്. പ്രസവിക്കുന്നത് ചാപിള്ളയാണെങ്കിൽ ഈ ബോണസ് കിട്ടില്ലെയെന്നും ചോദിക്കുന്നുണ്ട്. പ്രസവിച്ച ഉടനെ കുട്ടി മരിച്ചാല്‍ ആനുകൂല്യം ലഭിക്കുമോ എന്നത് സംബന്ധിച്ച് നയത്തില്‍ പരാമര്‍ശമില്ലെന്നും മോസ്‌കോ ടൈംസ് വ്യക്തമാക്കി. വൈകല്യമുള്ള കുട്ടികള്‍ക്ക് ജന്മം നല്‍കുന്നവര്‍ ഇതിന് യോഗ്യരാണോ എന്നതും നയത്തില്‍ വ്യക്തതയില്ല.

അതേസമയം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് നിലവിലെ റഷ്യയിലെ ജനനനിരക്ക്. 2024‑ന്റെ ആദ്യ പകുതിയില്‍ 599,600 കുട്ടികളാണ് റഷ്യയില്‍ ജനിച്ചത്. 25 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. റഷ്യയിലെ മറ്റു റിപ്പബ്ലിക്കുകളും ജനനിരക്ക് വർധിപ്പിക്കുന്നതിന് വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ള സമാന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

Exit mobile version