ചരിത്രം വിസ്മൃതികളിലാണ്ടു കിടക്കുന്ന ഉത്തര കന്നഡ ദേശങ്ങളിലൂടെ ഒരു യാത്ര ഏറെനാളായി മനസിലുള്ളതായിരുന്നു. പതിനാലാം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയായിരുന്ന, തുംഗഭദ്ര നദിയുടെ തീരത്തുള്ള ഹംപിയിലെത്തിയതിന്റെ ഓർമ്മകൾ വർഷങ്ങളേറെ കഴിഞ്ഞിട്ടും, ഇന്നും മനസിൽ നിറഞ്ഞുതുളുമ്പുന്നുണ്ട്.
കർണാടകയുടെ മധ്യ‑കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഹംപി സമൃദ്ധവും സമ്പന്നവും പ്രോജ്വലവുമായ ഒരു പൗരാണിക ദേശമായിരുന്നു. അക്കാലത്ത് പേർഷ്യയിൽനിന്നും പോർച്ചുഗലിൽ നിന്നുമുള്ള കച്ചവടസംഘങ്ങൾ അവിടം സന്ദർശിച്ചിരുന്നതായി വിദേശ സഞ്ചാരികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ബെയ്ജിംഗ് കഴിഞ്ഞാൽ, ലോകത്തിലെ ഏറ്റവും വലിയ മധ്യകാലഘട്ട നഗരമായി കണക്കാക്കപ്പെടുന്ന സ്ഥലമാണ് ഹംപി. 1509 മുതൽ 1529 വരെ അവിടം ഭരിച്ചിരുന്ന കൃഷ്ണദേവരായരുടെ കാലത്താണ് ഈ ചരിത്രഭൂമിക ഏറ്റവും പുരോഗതി പ്രാപിച്ചത്. പക്ഷേ, 1565ൽ, ഡക്കാൻ സുൽത്താൻമാർ നടത്തിയ ആക്രമണത്തിൽ ഹംപി തകർന്നു തരിപ്പണമായി. ആ പുരാതന നഗരത്തിന്റെ മഹത്വം, ഏക്കറുകളോളം പരന്നുകിടക്കുന്ന നാശാവശിഷ്ടങ്ങളിൽപോലും നമുക്ക് ദർശിക്കാം.
അന്നത്തെ യാത്രയ്ക്കിടയിൽ, ചാലൂക്യ രാജക്കന്മാരുടെ രാജധാനികളായിരുന്ന ബേലൂർ, ഐഹോളെ, പട്ടടയ്ക്കൽ, ബാദാമി എന്നിവിടങ്ങളിലൊന്നും എത്തിപ്പെടാൻ കഴിഞ്ഞിരുന്നില്ല. ആദിൽഷാഹി സുൽത്താൻമാരുടെ ഭരണസിരാകേന്ദ്രമായിരുന്ന ബീജാപൂരും സഞ്ചാര സ്വപ്നങ്ങളിൽ നിറഞ്ഞുനിന്നിരുന്നതിനാൽ, വടക്കൻ കർണാടക യാത്രയുടെ ലക്ഷ്യസ്ഥാനങ്ങളിൽ ഈ ദേശങ്ങളും ഉൾപ്പെടുത്തി. തൂണുകളില്ലാതെ നിർമ്മിക്കപ്പെട്ട, വലിപ്പത്തിന്റെ കാര്യത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ഗോൽഗുംബസ് ബീജാപൂരിലാണല്ലോ തലയുയർത്തി നിൽക്കുന്നത്.
സൂര്യോദയത്തിനു മുമ്പേ യാത്രയ്ക്കിറങ്ങി പുറപ്പെട്ടാലുള്ള സുഖാനുഭൂതികൾ പറഞ്ഞറിയിക്കാനാവാത്തതാണ്. പ്രശാന്തമായ മനസും പ്രകൃതിയും. പ്രഭാതം പുലർന്നിട്ടും മഴമേഘങ്ങൾ ഇരുളുപരത്തുന്ന അന്തരീക്ഷം. മലപ്പുറത്തുനിന്ന് നിലമ്പൂർ വഴിയാണ് യാത്ര. പ്രാതലിനായി, കാടിനോട് ചേർന്നുള്ള, കെടിഡിസിയുടെ യാത്രിനിവാസിൽ കയറി. ചാലിയാറിലേക്കൊഴുകിയെത്തുന്ന കരിമ്പുഴയുടെ തീരത്ത്, വന്മരങ്ങളുടെ നിഴലിലാണ് ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഈ ഹോട്ടൽ. മരച്ചില്ലകളിൽ കൂടുകൂട്ടിയ കിളികളുടെ കളിയൊച്ചകളും പുഴയോരക്കാഴ്ചകളുമെല്ലാം നിറഞ്ഞ പാശ്ചാത്തലം. ദോശയും ചട്നിയും കഴിച്ച്, ഗൂഡല്ലൂർ വഴി കേരള-കർണ്ണാടക അതിർത്തിയിലേക്ക്. മുതുമല ടൈഗർ റിസർവിലൂടെ, ആനകളും മയിലുകളും പുള്ളിമാൻകൂട്ടങ്ങളും കാട്ടുപോത്തുകളും മേഞ്ഞുനടക്കുന്ന കാടകങ്ങളിലൂടെയാണ് പ്രയാണം. വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ വാഹനം നിർത്തി പുറത്തിറങ്ങാനും ചിത്രങ്ങൾ പകർത്താനും അനുവാദമില്ല. വണ്ടി പതിയെ ഓടിച്ചുകൊണ്ട് തുള്ളിച്ചാടി നടക്കുന്ന മാൻകൂട്ടങ്ങളുടെ ഫോട്ടോകളും വീഡിയോയും ക്യാമറയിലാക്കി.
ഗൂഡല്ലൂരിൽനിന്ന് ഗുണ്ടൽപേട്ട്, മുതുമല വഴി മൈസൂരിലേക്ക് 110 കിലോമീറ്റർ ദൂരമുണ്ട്. എന്നാൽ, ഗുണ്ടൽപേട്ടിൽനിന്ന് നഞ്ചൻഗുഡ് വഴി ഹാസനിലേക്കാണ് ഞങ്ങളുടെ യാത്ര. നഞ്ചൻഗുഡ് എത്തുമ്പോൾ മദ്ധ്യാഹ്നമായി. കൊറോണ വ്യാധിയുടെ വ്യാപനത്തെത്തുടർന്ന് പ്രഖ്യാപിച്ച ലോക് ഡൗൺ അവസാനിച്ചശേഷമായിരുന്നു ഈ സഞ്ചാരം. കോവിഡ് തുടങ്ങിയശേഷം, യൂനിഫോം ധരിച്ച്, കൂട്ടംചേർന്ന് സ്കൂളിലേക്ക് പോകുന്ന കുട്ടികളുടെ കാഴ്ചകൾ നമുക്കെല്ലാം നഷ്ടമായിരുന്നല്ലോ. സുദീർഘമായ ഒരിടവേളയ്ക്കുശേഷം, അന്നാദ്യമായി, അത്തരം കാഴ്ചകൾ കർണാടക ഗ്രാമങ്ങളിൽ കാണാനായി. ഇഞ്ചിയും കരിമ്പും വിളയുന്ന പാടങ്ങൾക്ക് നടുവിലൂടെയാണ് കാർ പായുന്നത്. ആൾസഞ്ചാരം കുറഞ്ഞ വീഥികൾ. വിശാലമായ പാടങ്ങളിൽ അങ്ങിങ്ങായി കൃഷിപ്പണിയിൽ മുഴുകിയവരെ കാണാം.
മൈസൂർ പട്ടണത്തിന് പത്തു കിലോമീറ്റർ തെക്കു കിഴക്കായി, ഹാസൻ റോഡിൽ, ദത്തഗല്ലിയിലെ നേതാജി സർക്കിളിലുള്ള ‘ലെമൺ ട്രീ’ റസ്റ്ററന്റിൽനിന്ന് ഉച്ചഭക്ഷണം. തന്തൂരി റൊട്ടിയും വെജ് കടായിയും രുചിമുകുളങ്ങളെ തൃപ്തിപ്പെടുത്തി. അപ്പോൾ സമയം രണ്ടുമണിയാവുന്നതേയുള്ളൂ. നൂറ്റിനാലു കിലോമീറ്റർ കൂടി ഓടിത്തീർക്കണം, ഹാസനിലെത്താൻ. മടിക്കേരി-കുശാൽനഗർ‑മംഗലാപുരം- ഹാസൻ പാതയിലൂടെ സഞ്ചാരം തുടർന്നു. വൊദ്ദറഹള്ളിക്കടുത്ത് വലിയൊരു ജലാശയം കാണാനായി. കൃഷ്ണരാജ സാഗർ അണക്കെട്ടിന്റെ ഭാഗമാണ് ഇത്. സമീപങ്ങളിൽ വിശാലമായ കൃഷിയിടങ്ങൾ. നെല്ലും ഇഞ്ചിയുമാണ് ഇവിടുത്തെ പ്രധാന വിളകളെന്നു വ്യക്തം. ഹരിതകാന്തി തൂവുന്ന ഒരു പരവതാനി വിരിച്ചപോൽ കാണപ്പെട്ടു, ദൊർണഹള്ളിയിലെത്തുമ്പോൾ. നീലാകാശപ്പൊയ്കയിൽ വെള്ളിമേഘങ്ങൾ നീന്തിത്തുടിക്കുന്ന കാഴ്ചകളും കണ്ടുകണ്ട് മുന്നോട്ട് സഞ്ചരിച്ചു.
വണ്ടി ദേശീയപാത 373ലേക്ക് പ്രവേശിച്ചശേഷം 71 കിലോമീറ്റർ കൂടി പിന്നിട്ടാലേ ഹാസനിലെത്തൂ. അർജുനഹള്ളിയിലെ വയലേലകൾക്കിടയിലൂടെ നീണ്ടുപോകുന്ന തീവണ്ടിപ്പാത കാണാം. വഴിയിലെങ്ങും ഓടിട്ട വീടുകൾ. നെൽകൃഷിയോടൊപ്പം കരിമ്പും വാഴയും വിളഞ്ഞുനിൽക്കുന്ന തോട്ടങ്ങൾ. അകലങ്ങളിൽ അതിരുകൾ തീർത്തപോലെ കൽപ്പവൃക്ഷപ്പെരുമ.
കാവേരിയിൽ ചെന്നുചേരുന്ന ഹേമാവതി നദിയുടെ തീരത്തുള്ള ഹോളെ നരസിപുര ഗ്രാമത്തിലേക്ക് കടന്നപ്പോൾ, പാതകൾക്കിരുവശങ്ങളിലും ചോളം വിളയുന്ന പാടങ്ങൾ. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഢ ഇന്നാട്ടുകാരനാണ്. ഇവിടുത്തെ സാക്ഷരത [73%] നമ്മുടെ ദേശീയ ശരാശരിയെക്കാൾ [59.5%] മുകളിലാണ്. ഹേമാവതി മുറിച്ചുകടന്നാൽ മുപ്പത് കിലോമീറ്റർ മാത്രം അകലെയാണ് ഹാസൻ പട്ടണം.
നഗരത്തിലെത്താൻ നാലു കിലോമീറ്റർ കൂടി ബാക്കിയുള്ളപ്പോൾ ബേലൂരിലേക്ക് വഴിമാറി സഞ്ചരിച്ചു. ഉദ്ദരകൊപ്പളു, സനേനഹള്ളി, അംഗഡിഹളളി, ഹഗാരെ, ഹൊസഹള്ളി വഴിയാണ് നാം ബേലൂരിലെത്തുക. പതിനൊന്നാം നൂറ്റാണ്ടു മുതൽ ഇവിടം ഭരണം നടത്തിയിരുന്ന ഹോയ്സാല രാജവംശത്തിന്റെ ആദ്യ തലസ്ഥാന നഗരിയായിരുന്നു ബേലൂർ. ഹേമാവതിയിൽ ചെന്നുചേരുന്ന യാഗാച്ചി നദിയുടെ തീരത്തുള്ള ഈ സ്ഥലം വേലാപുര, വേലൂർ, ബേലാഹൂർ എന്നിങ്ങനെയെല്ലാം പല കാലങ്ങളിൽ പല പേരുകളിൽ അറിയപ്പെട്ട ദേശമാണ്. മുന്നൂറു വർഷക്കാലത്തെ ഹോയ്സാല രാജാക്കൻമാരുടെ ഭരണകാലയളവിൽ ഒട്ടനവധി ക്ഷേത്രങ്ങളും സ്മാരകങ്ങളും ഇവിടെ ഉയർന്നുവന്നു.
പശ്ചിമഘട്ട മലനിരകളിലെ പ്രാദേശിക മുഖ്യൻമാരായാണ് ഹോയ്സാല ഭരണാധികാരികളുടെ തുടക്കം. എന്നാൽ വളരെപ്പെട്ടെന്നുതന്നെ, പടിഞ്ഞാറൻ ചാലൂക്യൻമാരുടെ സാമന്ത രാജാക്കൻമാരെന്ന പദവിയിലേക്ക് വളരാൻ ഇവർക്ക് കഴിഞ്ഞു. അതോടെ, മലയിറങ്ങിവന്ന് ബേലൂർ തങ്ങളുടെ ആസ്ഥാനമാക്കി.
പതിമൂന്നാം നൂറ്റാണ്ടിൻഅരഎ ആരംഭത്തിൽ ഹോയ്സാല സാമ്രാജ്യത്തിന്റെ സ്വാധീനം, ഇന്നത്തെ കർണാടക മുഴുവനായും തെക്കുപടിഞ്ഞാറൻ തെലങ്കാനയിലും തമിഴ്നാടിന്റെ ചില ഭാഗങ്ങളിലുമെല്ലാം വ്യാപിച്ചിരുന്നു. ദില്ലി സുൽത്താൻമാരുടെ അധിനിവേശത്തോടെയാണ്, പതിനാലാം നൂറ്റാണ്ടിന്റെ ആദ്യം മുതൽ ഇവരുടെ പതനത്തിന് തുടക്കമാവുന്നത്. വിഷ്ണുവിന് സമർപ്പിക്കപ്പെട്ട ചെന്നകേശവ ക്ഷേത്രനഗരിയാണ് ബേലൂർ. അയൽപ്പക്കത്തെ ചോളൻമാർക്കെതിരായ യുദ്ധവിജയഗാഥകളിലൂടെ താൻ സൃഷ്ടിച്ച പുതുയുഗത്തെ അടയാളപ്പെടുത്താൻ, 1117ന്റെ തുടക്കത്തിൽ, വിഷ്ണുവർധന രാജാവിന്റെ കാലത്താണ് ഈ ക്ഷേത്രം പണിയുന്നത്. പിന്നീട്, 20 കിലോമീറ്റർ അകലെയുള്ള ഹലേബീഡുവിലേക്ക് തലസ്ഥാന നഗരി മാറ്റിസ്ഥാപിച്ചതും വിഷ്ണുവർധൻ തന്നെ.
ഹോയ്സാല ശില്പചാരുത തുളുമ്പി നിൽക്കുന്ന നിർമ്മാണ ശൈലിയാണ് ബേലൂരിലെ ചെന്നകേശവ ക്ഷേത്രത്തിന്റെ അകവും പുറവും നമുക്ക് കാണാൻ കഴിയുക. ‘ചെന്ന’ എന്നാൽ സുന്ദരം എന്നർത്ഥം. ‘കേശവൻ’ ശ്രീകൃഷ്ണന്റെ പര്യായമാണ്. മോഹനരൂപനായ കൃഷ്ണനാണ് ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ വിരാജിക്കുന്നത്. പടിഞ്ഞാറൻ ചാലൂക്യൻമാരുടെ നിർമ്മാണ ശൈലിയാണ് ഹോയ്സാല ഭരണകർത്താക്കൾ പിന്തുടർന്നതത്രെ. സുന്ദരരൂപങ്ങളുടെ സമൃദ്ധിയാണ് ഇവിടങ്ങളിലെ ക്ഷേത്രച്ചുവരുകളിൽ നമ്മെ ഏറ്റവുമേറെ ആകർഷിക്കുക. വ്യക്തതയോടെയും സൂക്ഷ്മമായും സവിസ്തരം ചിത്രണം ചെയ്യാൻ പറ്റുന്ന, കടുപ്പം കുറഞ്ഞ സോപ്പുകല്ലുകളാണ് ഇതിനായി അവർ ഉപയോഗിച്ചത്!
ക്ഷേത്രത്തിലെ കല്ലിൽ കൊത്തിവച്ച കഥകൾ പലതും രാമായണത്തിലെയും മഹാഭാരതത്തിലെയുമാണ്. വിഷ്ണുവർധനന്റെ ദർബാറിലെ രംഗങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. സുന്ദരാംഗനകളായ ദേവതകൾ ലാസ്യ നൃത്തച്ചുവടുകൾ വയ്ക്കുന്നതും വാദ്യോപകരണങ്ങൾ വായിക്കുന്നതുമായ രംഗങ്ങൾ ചുവരുകളിലും കൽത്തൂണുകളിലും സമൃദ്ധമായി കാണാം. പക്ഷികൾക്കും മൃഗങ്ങൾക്കുമൊപ്പം പ്രകൃതിയുടെ നിറവാർന്ന ദൃശ്യങ്ങളും നമുക്കവിടെ ദർശിക്കാം.
ഗർഭഗൃഹത്തിനു മുമ്പിലാണ് നവരംഗ മണ്ഡപം. ഇതിനു പുറത്തുള്ള തൂണുകളുടെ മുകളിൽ മുപ്പത്തിയെട്ട് മനോഹര ശില്പങ്ങളുണ്ട്. അവയിലെ കൊത്തുപണികൾ അനന്യമായ ശില്പചാരുതയാൽ പ്രസിദ്ധമാണ്. അക്കൂട്ടത്തിൽ പ്രധാനകവാടത്തിലെ നാല് ‘ശിലാബാലിക’മാരിൽ ഒരാളായ ‘ദർപ്പണസുന്ദരി’ ശില്പകലയിലെ ഏറ്റവും മികവുറ്റ സൃഷ്ടിയാണ്. ലോക ശില്പകലാ സാമ്രാജ്യത്തിലെ മോണാലിസയാണ് ‘ദർപ്പണസുന്ദരി’യെന്ന് വേണമെങ്കിൽ പറയാം. സർവാഭരണവിഭൂഷിതയായി, നൃത്തരംഗവേദിയിലേക്ക് നടന്നടുക്കും മുൻപേ കൈയിൽപിടിച്ച കണ്ണാടിയിലേക്ക് നോക്കുന്ന ത്രിപുരസുന്ദരിയുടെ ഭാവമാണ് ആ ശില്പത്തിന്. പ്രശസ്ത നർത്തകിയും വിഷ്ണുവർധന രാജാവിന്റെ പ്രധാന രാജ്ഞിയുമായിരുന്ന റാണി ശാന്തളാദേവിയുടെ പ്രതിരൂപമാണ് ‘ദർപ്പണസുന്ദരി’ എന്നു കരുതപ്പെടുന്നു.
‘മുഖംമൂടി’കൾ മാറ്റിവച്ച്, സ്വാസ്ഥ്യമോടെ ഞങ്ങൾ പലവട്ടം അമ്പലം ചുറ്റിനടന്നുകണ്ടു. ക്ഷേത്രാങ്കണത്തിലെങ്ങും സ്വർണനിറം പരക്കുകയാണ്. സായന്തനമണയുന്ന നേരത്ത് ചിക്കമഗളൂർ ലക്ഷ്യമാക്കി യാത്ര തുടർന്നു. ബാദാമിയും ഐഹോളയും പട്ടടയ്ക്കലും ബീജാപൂരും സന്ദർശിച്ചേ ഇനി മടക്കമുള്ളൂ.