Site icon Janayugom Online

ശ്രീലങ്കയില്‍ കലാപാന്തരീക്ഷം ആയിരങ്ങള്‍ അറസ്റ്റില്‍

Srilanka

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ഉയര്‍ന്നുവന്ന ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍. ജനകീയ പ്രതിഷേധം അടിച്ചമര്‍ത്താന്‍ നടപ്പാക്കിയ കര്‍ഫ്യു ലംഘിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളടക്കം ആയിരക്കണക്കിനാളുകളെ അറസ്റ്റ് ചെയ്തു. ഭക്ഷണം, ഇന്ധനം, അവശ്യവസ്തുക്കള്‍ തുടങ്ങി എല്ലാ വസ്തുക്കള്‍ക്കും കടുത്ത ക്ഷാമമാണ് ശ്രീലങ്കയില്‍ അനുഭവപ്പെടുന്നത്. കലാപസമാനമായ സാഹചര്യം നേരിടാൻ കർഫ്യു ഏർപ്പെടുത്തിയതിനു പിന്നാലെ സമൂഹമാധ്യമങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റർ, യൂട്യൂബ് അടക്കമുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. അടിയന്തരാവസ്ഥയ്ക്ക് പിന്നാലെയാണ് 36 മണിക്കൂര്‍ നീണ്ട കര്‍ഫ്യു ഏര്‍പ്പെടുത്തിയത്.

കർഫ്യു ലംഘിച്ച 664 പേരാണ് ശ്രീലങ്കയിലെ പശ്ചിമ പ്രവിശ്യയിൽ മാത്രം അറസ്റ്റിലായത്. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ നേതൃത്വത്തിൽ കൊളംബോയിൽ പ്രതിപക്ഷ നിയമസഭാംഗങ്ങൾ മാർച്ച് നടത്തി. നൂറുകണക്കിന് ആളുകള്‍ മാര്‍ച്ചിന്റെ ഭാഗമായി. വെള്ളിയാഴ്ച രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ആരെയും വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാനും അനുമതി നല്‍കിയിരുന്നു. അടിയന്തരാവസ്ഥ ഉടൻ പിൻവലിക്കണമെന്നു ശ്രീലങ്കൻ ബാ‍ർ കൗൺസിലും മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടു. രാജ്യത്ത് പരക്കെ അക്രമ സംഭവങ്ങളും പ്രദേശത്ത് റിപ്പോർട്ട് ചെയ്തു. ഗാലെ, മതാര, മൊറതുവ തുടങ്ങിയ തെക്കൻ നഗരങ്ങളിൽ പ്രതിഷേധം വ്യാപകമായിരുന്നു. പല രാഷ്ട്രീയ നേതാക്കളുടെയും വീടുകൾക്കു നേരെ ആക്രമണം ഉണ്ടായി.നൂറുകണക്കിന് വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി നിരത്തിലിറങ്ങിയിരുന്നു. കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ച് പൊലീസ് വിദ്യാര്‍ത്ഥികളെ നേരിടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.

 

Eng­lish Sum­ma­ry: In Sri Lan­ka, 600 peo­ple were arrest­ed for vio­lat­ing a ban on street protests

You may like this video also

Exit mobile version