Site icon Janayugom Online

ശ്രീനഗറിൽ രണ്ട് വ്യവസായികൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

ശ്രീനഗറില്‍ സുരക്ഷാ സേന നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. രണ്ട് വ്യവസായികളും ഇവരില്‍ ഉള്‍പ്പെടുന്നു. വ്യവസായികളായ മുദാസിർ ഗുൽ, അൽതാഫ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. അതേസമയം ഇവർ തീവ്രവാദികളെ സഹായിച്ചിരുന്നതായും പൊലീസ് പറയുന്നു. ഇന്നലെ വൈകുന്നേരം ഹൈദർപോറയിലെ കെട്ടിടത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കെട്ടിടത്തിനുള്ളില്‍ ആറ് കമ്പ്യൂട്ടറുകളുള്ള അനധികൃത കോൾ സെന്ററാണ് മുദാസിർ നടത്തിയിരുന്നതെന്ന് കശ്മീരിലെ ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു. സ്ഥലത്ത് നിന്ന് രണ്ട് പിസ്റ്റളുകൾ കണ്ടെടുത്തതായും വാണിജ്യ സമുച്ചയത്തിൽ പ്രവർത്തിക്കുന്ന കോൾ സെന്റർ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. 

ക്രമസമാധാന പ്രശ്നമുള്ളതിനാൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാനാകില്ലെന്ന് പൊലീസ് അറിയിച്ചു. ശ്രീനഗറിൽ നിന്ന് 100 കിലോമീറ്റർ അകലെ വടക്കൻ കശ്മീരിലെ ഹന്ദ്വാര മേഖലയിലാണ് നാല് മൃതദേഹങ്ങളും സംസ്കരിച്ചതെന്ന് പൊലീസ് പറഞ്ഞു. അതേസമയം സംഭവം വിശദമായി അന്വേഷിക്കണമെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു. നിരപരാധികളായ സാധാരണക്കാരെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുകയാണെന്നും സത്യം പുറത്തുകൊണ്ടുവരാൻ ജുഡീഷ്യൽ അന്വേഷണം വേണമെന്നും മുഫ്തി ട്വീറ്റ് ചെയ്തു. 

ENGLISH SUMMARY:In Sri­na­gar, two busi­ness­men and four oth­ers were killed
You may also like this video

Exit mobile version