തിരുപ്പൂരില്‍ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് കുഞ്ഞ് ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞാണ് അപകടത്തില്‍ മരിച്ചത്. 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കുമാർ (37), സ്ത്രീയും ഒമ്പത് മാസം പ്രായമുള്ള ആലിയ ഷെറിൻ എന്ന കുഞ്ഞുമാണ് മരിച്ചത്. അപകടത്തിന്റെ ആഘാതത്തിൽ ശരീരം വിവിധ ഭാഗങ്ങളായി പൊട്ടിച്ചിതറിയതിനെത്തുടര്‍ന്ന് മരിച്ച സ്ത്രീയെ തിരിച്ചറിയാനായില്ലെന്നും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
പാണ്ഡ്യൻ നഗറിലെ പൊന്നമ്മാൾ സ്ട്രീറ്റിൽ കാർത്തിക് (44), ഭാര്യ സത്യപ്രിയ (34) എന്നിവരുടെ വീട്ടിലാണ് ഉച്ചയോടെ സ്‌ഫോടനമുണ്ടായത്.
ഈറോഡിലെ നമ്പിയൂരിൽ പടക്കക്കട നടത്തുന്ന കാർത്തിയുടെ ഭാര്യാസഹോദരൻ ശരവണകുമാറാണ് ദീപാവലിക്കും ക്ഷേത്രോത്സവങ്ങൾക്കും കാർത്തിയുടെ വീടിന്റെ ഒരു ഭാഗത്ത് അനധികൃതമായി പടക്കങ്ങൾ ഉണ്ടാക്കാൻ തൊഴിലാളികളെ ഏർപ്പെടുത്തിയതെന്ന് തിരുപ്പൂർ സിറ്റി പോലീസ് കമ്മീഷണർ എസ് ലക്ഷ്മി പറഞ്ഞു.
തന്റെ കട സീൽ ചെയ്തതിനാൽ ശരവണകുമാർ ലൈസൻസ് പുതുക്കാൻ അപേക്ഷിച്ചിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി താമസസ്ഥലത്ത് അനധികൃതമായി പടക്കങ്ങൾ നിർമ്മിക്കുകയായിരുന്നു ശരവണകുമാര്‍. ശരവണകുമാറിനെയും മറ്റൊരാളെയുംകൂടി അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്‌ഫോടനത്തിൽ വീടിന്റെ മുൻഭാഗം പൂർണമായും സമീപത്തെ മറ്റു ചില വീടുകൾ ഭാഗികമായും തകർന്നു.
വീടിന് സമീപം താമസിച്ചിരുന്ന ഏതാനും കുടിയേറ്റ തൊഴിലാളികൾക്കും പരിക്കേറ്റു. തിരുപ്പൂർ ജില്ലാ കളക്ടർ ടി ക്രിസ്തുരാജ് സ്‌ഫോടനം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.