Site iconSite icon Janayugom Online

ഭാര്യയുടെയും മക്കളുടെയും കൺമുന്നിലിട്ട് ഗൃഹനാഥനെ വെട്ടിക്കൊ ന്നകേസ്; പ്രതികൾക്ക് ജീവപര്യന്ത്യം

ഭാര്യയുടെയും മക്കളുടെയും കൺമുന്നിലിട്ട് ഗൃഹനാഥനെ വെട്ടിക്കൊന്നകേസിൽ പ്രതികൾക്ക് ജീവപര്യന്ത്യം. ഒന്നാംപ്രതി ആര്യാട് കോമളപുരം കട്ടിക്കാട്ട് സാജൻ (34), ആര്യാട് കോമളപുരം പുതുവൽവീട്ടിൽ നന്ദു (29) എന്നിവരെയാണ് ആലപ്പുഴ ജില്ല അഡീഷനൽ സെക്ഷൻ കോടതി-ഒന്ന് ജഡ്ജി റോയി വർഗീസ് ശിക്ഷിച്ചത്. പ്രതികൾ ഓരോ ലക്ഷംവീതം തുക പിഴയൊടുക്കണം. ഇല്ലെങ്കിൽ ഒരുവർഷംകൂടി അധികതടവ് അനുഭവിക്കണം. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചതിന് പ്രതിചേർത്ത അഭിഭാഷകൻ അടക്കം മൂന്ന് മുതൽ ഏഴുപ്രതികളെയും കോടതി വെറുതെവിട്ടു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 11ാം വാർഡിൽ തത്തങ്ങാട്ട് വീട്ടിൽ സോണിയെ (36) കൊലപ്പെടുത്തിയ കേസിലാണ് വിധി. വിചാരണവേളയിൽ അന്വേഷണ ഉദ്യോഗസ്ഥനായ സി ഐയെ കോടതിയിൽവെച്ച് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. 

ഇതിനാൽ വിധിപറയുന്നദിവസം കോടതിയിലും പരിസരത്തും വൻപൊലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു. കൈനകരി ജയേഷ് വധക്കേസിലും പ്രതികളായ ഗുണ്ടാസംഘത്തിൽപെട്ട ഇവർ ആ കേസിൽ വീയ്യൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുമ്പോഴാണ് സാജൻവധക്കേസിലും സമാനശിക്ഷ ലഭിച്ചത്. 2017 മേയ് ഒമ്പതിന് ആലപ്പുഴ അയ്യങ്കാളി ജങ്ഷനിൽ വാടകവീട്ടിൽവെച്ചായിരുന്നു പ്രതികൾ സാജനെ കൊലപെടുത്തിയത്. സമീപത്തെ കല്യാണവീട്ടിൽനിന്നുള്ള ഭക്ഷണം ഭാര്യക്കും മക്കൾക്കും കൊണ്ടുപോയി കൊടുത്തുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സാജനെ വീട്ടിൽനിന്ന് വിളിച്ചിറക്കിയ പ്രതികൾ വെട്ടുകത്തിയും കത്തിയും ഉപയോഗിച്ച് കുത്തി കൊലപെടുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ്ആലപ്പുഴ ജനറൽആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധചികിത്സക്കായി വണ്ടാനം മെഡിക്കൽകോളജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. 

ആലപ്പുഴ നോർത്ത് സി ഐയായിരുന്ന ജി സന്തോഷ്കുമാർ അന്വേഷണം നടത്തിയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിന്റെ വിചാരണവേളയിൽ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നതിന് മുമ്പേ തൊണ്ടിമുതൽ മോഷണം പോയിരുന്നു. മുൻവൈരാഗ്യത്തിന്റെ പേരിൽ ഗുണ്ടാസംഘം വീട്ടിൽകയറി ആക്രമിച്ചതിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് പ്രതികളായ സാജനെയും നന്ദുവിനെയും നേരത്തെ ജീവപര്യന്തത്തിന് ശിക്ഷിച്ചത്. 2014 മാർച്ച് 28ന് രാത്രിയിലായിരുന്നു സംഭവം. വീട്ടിലെത്തിയ ഗുണ്ടാസംഘം കൈനകരി തോട്ടുവാത്തല ജയേഷ് ഭവനിൽ ജയേഷിനെ (26) വിളിച്ചിറക്കി ഭാര്യ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ മുന്നിലിട്ടാണ് ആക്രമിച്ചത്. സമീപത്തെ പാടശേഖരത്തിലേക്ക് ഓടിരക്ഷപെടുത്തതിനിടെ വെട്ടികൊലപെടുത്തുകയായിരുന്നു. നെടുമുടി പൊലീസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച ഈകേസിലും ജീവപര്യന്തമായിരുന്നു ശിക്ഷ. അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അംബിക കൃഷ്ണൻ ഹാജരായി.

Exit mobile version