Site iconSite icon Janayugom Online

ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ പാലക്കാട്ടെ ഡോ‌ക്ടർമാർക്ക് ‘ക്ലീൻ ചീറ്റ്’ നല്‍കി അന്വേഷണ റിപ്പോര്‍ട്ട്

ഒൻപത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ ഡോക്ടർമാരുടെ ഭാഗത്ത് പിഴവില്ലെന്ന് അന്വേഷണ റിപ്പോർട്ട്. പാലക്കാട് ജില്ലാ ആശുപത്രിയിൽ പെൺകുട്ടിക്ക് കൃത്യമായ ചികിത്സ ലഭിച്ചിരുന്നുവെന്നും സെപ്തംബർ 30 ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ കൈയിലെ രക്തയോട്ടം നിലച്ചിരുന്നുവെന്നുമാണ് റിപ്പോർട്ടിലുള്ളത്. ജില്ലാ ആശുപത്രിയിൽ ഉടൻ പ്രാഥമിക ചികിത്സ നൽകിയ ശേഷം കുട്ടിയെ കോഴിക്കോടേക്ക് മാറ്റിയെന്നും റിപ്പോർട്ടില്‍ പറയുന്നു.പാലക്കാട് ഡിഎംഒ നിയോഗിച്ച രണ്ട് ഡോക്ടർമാരാണ് സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഡ്യൂട്ടി ഡോക്ടറുടെയും വകുപ്പ് മേധാവിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പേര്‍ട്ട് ഡിഎംഒയ്ക്ക് കൈമാറിയിട്ടുണ്ട്.

പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനി എന്ന ഒൻപത് വയസുകാരിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. സെപ്റ്റംബർ 24‑ന് വീടിന് സമീപത്ത് കളിക്കുന്നതിനിടെ വീണാണ് പെൺകുട്ടിക്ക് കൈക്ക് പരിക്കേറ്റത്. അന്ന് തന്നെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. കൈയിൽ പ്ലാസ്റ്റർ ഇട്ടതിന് ശേഷവും കുട്ടിക്ക് വേദനയുണ്ടെന്ന് അറിയിച്ചപ്പോൾ അഞ്ച് ദിവസം കഴിഞ്ഞ് വരാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചതെന്നാണ് കുട്ടിയുടെ അമ്മ പറയുന്നുത്. അഞ്ച് ദിവസത്തിന് ശേഷം പ്ലാസ്റ്റർ മാറ്റിയപ്പോൾ കുട്ടിയുടെ കൈയിൽ രക്തയോട്ടം നിലച്ച് അഴുകിയ നിലയിലായിരുന്നു. കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ വെച്ചാണ് കുട്ടിയുടെ വലതു കൈ മുറിച്ചു മാറ്റിയത്.

Exit mobile version