Site icon Janayugom Online

നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതി മതിയായ കാരണമില്ലാതെ പുനര്‍ വിസ്താരം അനുവദിക്കില്ല

നടിയെ തട്ടികൊണ്ടുപോയി ലൈംഗിക ദൃശ്യങ്ങൾ പകർത്തിയ കേസിൽ സാക്ഷികളെ വീണ്ടും വിസ്തരിക്കണമെങ്കിൽ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി. പ്രോസിക്യൂഷന്റെ പാളിച്ചകൾ മറികടക്കാനാവരുത് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസിൽ പ്രതികളുടെ അവകാശവും സംരക്ഷിക്കപ്പെടണമെന്ന് കോടതി പറഞ്ഞു.

സാക്ഷികളെ വിസ്തരിച്ച് മാസങ്ങൾ കഴിഞ്ഞാണ് പുനർ വിസ്താരം വേണമെന്ന് ആവശ്യപ്പെടുന്നത്. പ്രോസിക്യൂഷന് അനുകൂലമായി സാക്ഷിമൊഴി ഉണ്ടാക്കാനാണ് ഇതെന്ന് സംശയിക്കാമെന്നും കോടതി പറഞ്ഞു. സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം വിചാരണക്കോടതി നിരസിച്ചതിനെതിരായ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമർശം.

സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളും കേസും തമ്മിൽ എന്ത് ബന്ധമെന്ന് കോടതി ചോദിച്ചു. സംവിധായകന്റെ വെളിപ്പെടുത്തൽ എങ്ങനെയാണ് കേസിനെ സഹായിക്കുക? സാക്ഷികളെ വിസ്തരിച്ച് മാസങ്ങൾ കഴിഞ്ഞുള്ള പുതിയ ആവശ്യം ന്യായമായിരിക്കണമെന്നും കോടതി പറഞ്ഞു.

ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിക്കുന്നില്ലെന്ന പരാതിയുമായാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ പ്രധാന വാദങ്ങൾ കോടതി രേഖപ്പെടുത്തുന്നില്ലെന്നും ഹർജിയിൽ പറയുന്നു.

നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴിയെടുക്കാൻ എറണാകുളം സിജെഎം കോടതി അനുമതി നൽകിയിരുന്നു. നടൻ ദിലീപിനെതിരെ സംവിധായകൻ തെളിവ് പുറത്തുവിട്ട സാഹചര്യത്തിലാണ് രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്. രഹസ്യ മൊഴി രേഖപ്പെടുത്താൻ മജിസ്ട്രേറ്റിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

കേസിൽ വിചാരണ നീട്ടണമെന്ന് സർക്കാർ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. വിചാരണയ്ക്ക് ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. ഫെബ്രുവരി 16 വരെയാണ് വിചാരണയ്ക്ക് സമയം അനുവദിച്ചിരുന്നത്. എന്നാൽ നിർണായകമായ പുതിയ വെളിപ്പെടുത്തലുകൾ വന്ന സാഹചര്യത്തിൽ വിചാരണ നീട്ടണമെന്നാണ് സർക്കാരിന്റെ ആവശ്യം.

eng­lish sum­ma­ry; In the case of the attack on the actress, the High Court will not allow retri­al with­out suf­fi­cient reason

you may also like this video;

Exit mobile version