Site icon Janayugom Online

പത്ത് വര്‍ഷത്തിനിടെ രാജ്യത്ത് എച്ച്ഐവി ബാധിച്ചത് 17 ലക്ഷം പേര്‍ക്ക്

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തെ തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാജ്യത്ത് 17 ലക്ഷം പേര്‍ക്ക് എച്ച്ഐവി ബാധിച്ചതായി റിപ്പോര്‍ട്ട്. 2011–2021 വര്‍ഷങ്ങള്‍ക്കിടയില്‍ 17,08,777 പേര്‍ക്കാണ് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്.

ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം ആന്ധ്രാപ്രദേശ് ആണ്. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് മറുപടിയായി ദേശീയ എയ്ഡ്സ് നിയന്ത്രണ സംഘടന (എന്‍എസിഒ) നല്‍കിയ രേഖകളിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം പത്ത് വര്‍ഷത്തെ കാലയളവില്‍ എച്ച്ഐവി ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് ഉണ്ടായതായും രേഖകളില്‍ പറയുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തെ തുടര്‍ന്ന് 2011-12 വര്‍ഷത്തില്‍ 2.4 ലക്ഷം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെങ്കില്‍ 2020–21 ആകുമ്പോഴേക്കും ഇത് 85,268 ആയി കുറഞ്ഞു. മധ്യപ്രദേശ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകനായ ചന്ദ്ര ശേഖര്‍ ഗൗഡ് ആണ് എന്‍എസിഒയില്‍ വിവരാവകാശ അപേക്ഷ നല്‍കിയത്.

ആന്ധ്രാപ്രദേശില്‍ പത്ത് വര്‍ഷത്തിനിടെ 3,18,814 പേര്‍ക്കാണ് എച്ച്ഐവി ബാധിച്ചത്. തൊട്ടുപിന്നിലുള്ള മഹാരാഷ്ട്രയില്‍ 2,84,577 പേര്‍ക്കും തമിഴ്‌നാട്ടില്‍ 2,12,982 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. നാലും അഞ്ചും സ്ഥാനങ്ങളിലുള്ള ഉത്തര്‍പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ യഥാക്രമം 1.10 ലക്ഷം, 87,440 പേര്‍ക്കാണ് എച്ച്ഐവി ബാധിച്ചത്.

15,782 പേര്‍ക്കാണ് ഇക്കാലയളവില്‍ രക്തത്തിലൂടെ എച്ച്ഐവി ബാധ ഉണ്ടായത്. 4,423 കുഞ്ഞുങ്ങള്‍ക്ക് അമ്മയില്‍ നിന്നും രോഗബാധയുണ്ടായി. 2020വരെയുള്ള കണക്കുകള്‍ പ്രകാരം 23,18,737 എച്ച്ഐവി രോഗബാധിതരാണ് രാജ്യത്തുള്ളത്. ഇതില്‍ 81,430 കുട്ടികളാണ്.

Eng­lish sum­ma­ry; In the last ten years, 1.7 mil­lion peo­ple have been infect­ed with HIV in the country

You may also like this video;

Exit mobile version