ഭരണത്തിലും, മുഖ്യപ്രതിപക്ഷവുമായി കോണ്‍ഗ്രസ് ഇരുന്ന ഗോവയില്‍ ഇത്തവമത്തെ തെരഞ്ഞെടുപ്പില്‍ മുഴുവൻ സീറ്റിലും മത്സരിക്കാൻ കഴിയുമോ എന്നുപോലുമറിയാതെ ഉഴലുകയാണ് . ആകെയുണ്ടായിരുന്ന 17 എംഎൽഎമാരിൽ ഇനി പാർട്ടിയിൽ അവശേഷിക്കുന്നത് വെറും രണ്ടുേപേരാണ്. ബാക്കിയുള്ളവരെല്ലാം മറ്റ് പാർട്ടികളിലേക്ക് ചേക്കേറിക്കഴിഞ്ഞു. രണ്ട് മുൻ മുഖ്യമന്ത്രിമാരും കോൺഗ്രസ് വിട്ട പ്രമുഖരിൽ ഉൾപ്പെടും. അടുത്ത വർഷം ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഗോവയിൽ കാഴ്ച്ചക്കാരുടെ റോൾ മാത്രമേ ഉണ്ടാകൂ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
തിരഞ്ഞെടുപ്പ് കളത്തിലുള്ള തൃണമൂൽ സംസ്ഥാനത്ത് തങ്ങളുടെ സ്വാധീനം വർധിപ്പിക്കാൻ കോൺഗ്രസ് നേതാക്കളെ വ്യാപകമായി അടർത്തിയെടുക്കുകയാണ്. കോൺഗ്രസിനെ ദുർബലപ്പെടുത്താൻ ബിജെപിയും പരമാവധി ശ്രമിക്കുന്നു. തൃണമൂലിനു പുറമെ ആം ആദ്മി പാർട്ടിയും സജീവമായി രംഗത്തുണ്ട്. പഞ്ചിമ ബംഗാളിൽ നിന്നെത്തിയ മമത ബാനർജിയും ഡൽഹിയിൽ നിന്നെത്തിയ അരവിന്ദ് കെജ്രിവാളും ഗോവയിൽ കളം നിറഞ്ഞ് കളിക്കുമ്പോഴാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന കോൺഗ്രസ് കാഴ്ച്ചക്കാരുടെ റോളിലേക്ക് ചുരുങ്ങുന്നത്.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 17 സീറ്റുമായി ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു കോൺഗ്രസ്. ഇപ്പോൾ ബാക്കിയുള്ളത് വെറും രണ്ട് എംഎൽഎമാർ. 2017ൽ മൂന്നും 2019ൽ പത്തും എംഎൽഎമാർ കോൺഗ്രസിൽ നിന്നു രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു. മുൻ മുഖ്യമന്ത്രിമാരായ ലൂസീഞ്ഞോ ഫലെയ്റോ തൃണമൂലിലേക്കും രവി നായിക്ക് ബിജെപിയിലേക്കും അടുത്തിടെ ചേക്കേറി. നിയമസഭാ കക്ഷി നേതാവ് ദിഗംബർ കാമത്ത്, മുതിർന്ന നേതാവ് പ്രതാപ് സിങ് റാണെ എന്നിവർ മാത്രമാണ് ഇനി കോൺഗ്രസിൽ ബാക്കിയുള്ളത്. ലൂസീഞ്ഞോയെ നിലനിർത്താൻ അവസാന നിമിഷം വരെ കോൺഗ്രസ് ശ്രമിച്ചിരുന്നു. സംസ്ഥാന പിസിസിയുടെ വർക്കിങ് പ്രസിഡന്റ് വരെയാക്കിയെങ്കിലും ലൂസീഞ്ഞോ തൃണമൂലിലേക്കു പോയി
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സ്ഥാനാർഥികളിലൊരാളും പിസിസി വർക്കിങ് പ്രസിഡന്റുമായ അലക്സോ റെജിനാൾഡോ ലൗറെൻകോ ആണ് ഏറ്റവുമൊടുവിൽ കോൺഗ്രസ് വിട്ടത്. ഹൈക്കമാൻഡ് പ്രഖ്യാപിച്ച സ്ഥാനാർഥികൾ പോലും ഏതു നിമിഷവും പാർട്ടി വിട്ടേക്കുമെന്ന ഗുരുതര പ്രതിസന്ധിയാണു ഗോവയിൽ കോൺഗ്രസ് നേരിടുന്നത്.
ENGLISH SUMMARY:In the midst of the Congress collapse in Goa
You may also like this video