Site icon Janayugom Online

‘ആത്മനിർഭർ ഭാരതി’ന്റെ പേരില്‍ കേന്ദ്രം ബിഎസ്എൻഎല്ലിനെ ഇല്ലാതാക്കുന്നു

കേന്ദ്രസർക്കാർ പുതിയ പുനരുദ്ധാരണ പാക്കേജുകൾ പ്രഖ്യാപിക്കുമ്പോഴും ബിഎസ്എൻഎൽ 4ജി യാഥാർത്ഥ്യമാകാൻ ഒന്നര വർഷമെടുക്കും. സ്വകാര്യ കമ്പനികളായ എയർടെല്ലും റിലയൻസ് ജിയോയും 5ജിയുമായി മുന്നോട്ടുപോകുമ്പോഴാണ് ബിഎസ്എന്‍എല്ലിന് 3ജിയില്‍ ഇഴയേണ്ടിവരുന്നത്. ഇതോടെ ഉപഭോക്താക്കളുടെ കൂട്ടകൊഴിഞ്ഞുപോക്ക് തടയാൻ കഴിയാതെ വിഷമവൃത്തത്തിലാണ് ജീവനക്കാർ. 

2020 ഏപ്രിലോടെ രാജ്യത്തിന്റെ വിവിധയിടങ്ങളിലെ 49,300 ടവറുകൾ (ബേസ് ട്രാൻസീവർ സ്റ്റേഷൻ) കുറഞ്ഞ ചെലവിൽ നവീകരിച്ച് 4ജിയിലേക്ക് ഉയർത്താമായിരുന്നുവെങ്കിലും കേന്ദ്രം അനുമതി നൽകിയില്ല. 2020 മാർച്ചിൽ ബിഎസ്എൻഎൽ ഒരു ലക്ഷം ബിടിഎസ് വാങ്ങാൻ ടെൻഡർ ക്ഷണിച്ചെങ്കിലും നോക്കിയ, എറിക്സൺ, സാംസങ് തുടങ്ങി അന്താരാഷ്ട്ര കമ്പനികളിൽനിന്ന് ആഗോള ടെൻഡറിലൂടെ ഉപകരണങ്ങൾ വാങ്ങുന്നത് ടെലികോം മന്ത്രാലയം തടഞ്ഞു. ‘ആത്മനിർഭർ ഭാരതി’ൽ ഉൾപ്പെടുത്തി ഇന്ത്യൻ കമ്പനികളിൽനിന്ന് വാങ്ങണമെന്നായിരുന്നു നിർദേശം. ഇതാകട്ടെ ലഭ്യമല്ലതാനും.

കമ്പനിയെ ഗുരുതരാവസ്ഥയിലെത്തിക്കാൻ ഇടവരുത്തുന്നതാണിതെന്ന് യൂണിയനുകളുടെയും അസോസിയേഷനുകളുടെയും കൂട്ടായ്മ സംസ്ഥാന ഗവർണർമാർക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ബിഎസ്എൻഎൽ പുനരുദ്ധാരണത്തിന് അടിയന്തര ഇടപെടലിന് അഭ്യർത്ഥിച്ചാണ് നിവേദനം നൽകിയത്.
അതിവേഗ ഡാറ്റ ലഭിക്കാത്തതിനാൽ 2022ൽ മാത്രം 77 ലക്ഷം ഉപഭോക്താക്കൾ ബിഎസ്എൻഎല്ലിനെ ഉപേക്ഷിച്ചെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഇപ്പോഴും കൊഴിഞ്ഞുപോക്ക് തുടരുകയാണ്. 

ബിഎസ്എൻഎല്ലിൽ 4ജി നടപ്പാക്കുന്നതിനെക്കുറിച്ച് കേന്ദ്രസർക്കാരും കമ്പനി മാനേജ്മെന്റും പറയുന്നുണ്ടെങ്കിലും യാഥാർത്ഥ്യം അതല്ലെന്നും ഇതേ മാനേജ്മെന്റാണ് 4ജി നടപ്പാവാൻ ഇനിയും 18 മാസം വേണമെന്ന് പറയുന്നതെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസർക്കാർ സൃഷ്ടിച്ച തടസം മാത്രമാണ് ബിഎസ്എൻഎല്ലിന് 4ജി ലഭിക്കാത്തതിന് പിന്നിൽ. 2019 ഒക്ടോബറിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിലെ പ്രധാന ഇനം 4ജി സ്പെക്ട്രമായിരുന്നു. 

Eng­lish Sum­ma­ry: In the name of ‘Atmanirb­har Bharat’, the Cen­ter is elim­i­nat­ing BSNL
You may also like this video

Exit mobile version