Site iconSite icon Janayugom Online

ബഫർ സോണിന്റെ പേരിൽ നടക്കുന്നത് രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ടുള്ള ഇടപെടൽ: മന്ത്രി എ കെ ശശീന്ദ്രൻ

ബഫര്‍സോണ്‍ വിഷയത്തില്‍ മലയോര ജനതയെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയലാഭം ഉണ്ടാക്കാനാണ് കോണ്‍ഗ്രസും പ്രതിപക്ഷവും ശ്രമിക്കുന്നതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. ഇതുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ പ്രചാരണങ്ങള്‍ നടത്തി മലയോര ജനത്തെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിര്‍ത്താന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. ബഫര്‍ സോണില്‍ നിന്നും ജനവാസമേഖലയെ ഒഴിവാക്കണമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കും. ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രിംകോടതി നിര്‍ദ്ദേശമനുസരിച്ചാണ് ഉപഗ്രഹ സര്‍വേ നടക്കുന്നത്. 

ബഫര്‍ സോണില്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍ ജനവാസ മേഖലയാണെന്ന് സുപ്രിംകോടതി മുമ്പാകെ തെളിയിക്കുന്നതിനാണ് ഉപഗ്രഹ സര്‍വേ കുറ്റമറ്റതാക്കുന്നതിന് വേണ്ടി ഫീല്‍ഡ് പരിശോധന കൂടി നടത്തി എല്ലാ കെട്ടിടങ്ങളും നിര്‍മ്മാണങ്ങളും ഇതില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഉപഗ്രഹ സര്‍വേയുടെ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാര്‍ വിദഗ്ധ സമിതി രൂപീകരിച്ചത്. ഉപഗ്രഹ സര്‍വേയിലെ അപാകതകള്‍ പരിഹരിക്കും. പരാതികള്‍ വരുമെന്ന് സര്‍ക്കാരിന് അറിയാമായിരുന്നു. 

ഗൗരവമുള്ള പരാതികള്‍ വിദഗ്ധസമിതി പരിഗണിക്കുമെന്നും മന്ത്രി കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആകാശ സർവെ നടത്തിയത് സുപ്രീം കോടതിയുടെ നിർദേശ പ്രകാരമാണ്. ഭൂതല സർവെ നേരത്തെ തന്നെ തീരുമാനിച്ചതാണ്. ഉപഗ്രഹ സർവെയിൽ നിന്ന് ലഭിക്കുന്നത് സ്ഥിതി വിവര കണക്ക് മാത്രമാണ്. അതിൽ വ്യാപകമായ പ്രശ്നങ്ങളും ചില മേഖലകളിൽ ഉണ്ട്. പരാതി കൂടുതലായുള്ള മേഖലകളിൽ കമ്മിഷൻ സിറ്റിങ് നടത്തും. ജനങ്ങൾക്ക് ആശങ്കകൾ നേരിട്ട് അറിയിക്കാനുള്ള അവസരമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Eng­lish Summary:In the name of buffer zone, inter­fer­ence for polit­i­cal gain: Min­is­ter AK Saseendran
You may also like this video

Exit mobile version