Site iconSite icon Janayugom Online

കേന്ദ്ര ഇന്‍ഷുറന്‍സ് പദ്ധതിയുടെ പേരില്‍ അക്കൗണ്ട് ഉടമയറിയാതെ പണം കവരുന്നു

കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്കായി ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഉടമകളുടെ സമ്മതമില്ലാതെ പണം ഈടാക്കി ബാങ്കുകള്‍. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകാത്തവരില്‍ നിന്നും ബാങ്കുകള്‍ അനധികൃതമായി പണം ഈടാക്കിയെന്നാണ് റിപ്പോര്‍ട്ട്. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതിനുശേഷം ഇടപാടുകാരുടെ സമ്മതപത്രം വ്യാജമായി നിര്‍മ്മിച്ചുവെന്ന് വിവരാവകാശ നിയമം വഴി ലഭിച്ച മറുപടിയില്‍ പറയുന്നു. ‘ആര്‍ട്ടിക്കിള്‍ 14 ഡോട്ട് കോമാ‘ണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഉത്തരാഖണ്ഡിലെ കുന്ദന്‍ കുമാര്‍ എന്ന വ്യക്തിയില്‍ നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) ചേര്‍ന്നിട്ടില്ലാത്ത പദ്ധതിക്ക് വേണ്ടി പണം ഈടാക്കിയതാണ് വിവരാവകാശപ്രകാരം വെളിപ്പെട്ടത്. പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമാ യോജന പദ്ധതിക്ക് (പിഎംജെജെബിവൈ) വേണ്ടിയാണ് കുന്ദന്‍ കുമാറിന്റെ അനുമതിയില്ലാതെ എസ്ബിഐ പണം ഈടാക്കിയത്. 2022 ഡിസംബറില്‍ തന്റെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതുസംബന്ധിച്ച് ആവശ്യപ്പെട്ട വിവരാവകാശ രേഖയിലാണ് ബാങ്കിന്റെ കള്ളക്കളി പുറത്തായത്. 

2023 ഫെബ്രുവരിയില്‍ നിര്‍ദിഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷ നിരസിക്കുന്നതായി കാണിച്ച് എസ്ബിഐ ഇദ്ദേഹത്തിന് മറുപടി നല്‍കിയതോടെയാണ് ബാങ്കിന്റെ കള്ളക്കളിയില്‍ സംശയം വര്‍ധിച്ചതും വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചതും. പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമാ യോജന പദ്ധതിക്ക് പുറമെ പ്രധാന മന്ത്രി സുരക്ഷാ ഭീമയോജനയിലും സമാനമായ തട്ടിപ്പ് നടന്നുവെന്നും ആര്‍ട്ടിക്കിള്‍ 14 റിപ്പോര്‍ട്ടില്‍ പറയുന്നു. ഉടമകളുടെ സമ്മതമില്ലാതെ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ജനങ്ങളെ വ്യാജമായി ചേര്‍ത്ത് പണം ഈടാക്കുന്ന രീതി വ്യാപകമായി അരങ്ങേറുന്നുവെന്ന് ബാങ്ക് ജീവനക്കാരും സമ്മതിക്കുന്നുണ്ട്. 

പിഎംജെജെബിവൈ പദ്ധതിക്ക് പ്രതിവര്‍ഷം 436 രൂപയാണ് ഗുണഭോക്താക്കളില്‍ നിന്നും ഈടാക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ ഗുണഭോക്താവ് മരണപ്പെടുന്ന പക്ഷം രണ്ട് ലക്ഷം രൂപയുടെ സഹായധനം ലഭിക്കും വിധമാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. ബാങ്ക് ശാഖകള്‍ പോലും അറിയാതെ ഹെഡ് ഓഫിസ് വഴിയാണ് പലയിടത്തും കൃത്രിമം അരങ്ങേറിയിരിക്കുന്നത്. വമ്പന്‍ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ പ്രഖ്യാപിച്ച് ജനങ്ങളുടെ കൈയടി നേടാനുള്ള മോഡി സര്‍ക്കാരിന്റെ ഹീനമായ പ്രവൃത്തിയാണ് ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്. ഇതിനായി ജനങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ക്രമരഹിതമായി പണം ഈടാക്കിയശേഷം പദ്ധതിക്ക് പുറത്ത് നിര്‍ത്തുന്ന തന്ത്രമാണ് മോഡി സര്‍ക്കാര്‍ പദ്ധതിയിലൂടെ ബാങ്കുകള്‍ നടപ്പിലാക്കിയത്. 

Eng­lish Summary:In the name of cen­tral insur­ance scheme, mon­ey is with­drawn with­out the knowl­edge of the account holder
You may also like this video

Exit mobile version