Site iconSite icon Janayugom Online

തളരാത്ത മനസുമായി ശരണ്യ കവിതകളുടെ ലോകത്ത്

രോഗം തീർത്ത ഏകാന്തതയെയും വേദനകളെയും പ്രതിസന്ധികളെയും കവിതകളിലൂടെ മറികടക്കാൻ ശ്രമിക്കുകയാണ് കോഴിക്കോട് സ്വദേശിനിയായ ശരണ്യ ആനപ്പൊയിൽ. കവിതയും അമ്മയും മഴയും ഓണവും വിശപ്പും പ്രണയവും കനവുകളും തുടങ്ങി കൊറോണ വരെ ശരണ്യയുടെ കവിതയുടെ വിഷയങ്ങളാകുന്നു.
‘ഏകാന്തത; ഒരു സുഖമുള്ള നോവ്/ അതിൻ നിഴൽ പറ്റിയൊഴുകുന്നതാണെന്റെ കവിത’ സെറിബ്രൽ അറ്റാക്സിയ രോഗം ബാധിച്ച് ശരീരം തളർന്ന അരിക്കുളം കാരയാട് ആനപ്പൊയിൽ ശരണ്യയുടെ ഹൃദയസ്പന്ദനങ്ങൾ എന്ന കവിത ആരംഭിക്കുന്നത് ഇങ്ങനെയാണ്. ബിരുദവിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ശരണ്യക്ക് രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയത്. കൈവിരലിന് ചെറിയ വിറയൽ അനുഭവപ്പെട്ടുകൊണ്ടായിരുന്നു തുടക്കം. പിന്നീട് സംസാരത്തിലും എഴുത്തിലും തുടങ്ങിയ പ്രയാസം ക്രമേണ നടത്തത്തിലും കണ്ടുതുടങ്ങി. ഇതോടെ ശരണ്യയുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം തകർന്നു. പഠനം മുടങ്ങിയതോടെ അവളുടെ ലോകം വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി.
ഒറ്റപ്പെടലിന്റെ നാളുകളിൽ പുസ്തകങ്ങളും മൊബൈൽ ഫോണും മാത്രമായി അവളുടെ കൂട്ടുകാർ. മനസു മരവിച്ച നിമിഷങ്ങളിലാണ് ശരണ്യ കവിതകളുടെ ലോകത്തേക്കെത്തിയത്. എഴുതാൻ കൈവഴങ്ങാതെ വന്നപ്പോൾ മൊബൈൽ ഫോൺ സഹായത്തിനെത്തി. അങ്ങിനെ മൊബൈൽ ഫോണിലെ വോയ്സ് ടൈപ്പിലൂടെ ശരണ്യയുടെ സ്വപ്നങ്ങളും ചിന്തകളും പ്രതീക്ഷകളും കവിതകളും ലാളിത്യം നിറഞ്ഞ കവിതകളായി പുറംലോകത്തേക്കെത്തി. മനുഷ്യന്റെ നിസഹായതയും ഉൾഭയങ്ങളും നിഷ്കളങ്കതയും കവിതകളുടെ മുഖമുദ്രയായി. ഒരു നാട് ഒന്നടങ്കം ഒപ്പം നിന്നതോടെ ശരണ്യയുടെ പ്രഥമ കവിതാ സമാഹാരവും യാഥാർത്ഥ്യമായി.
കാരയാട് ആനപ്പൊയിൽ ഗംഗാധരന്റെയും ശോഭനയുടെയും മകളാണ് ശരണ്യ. കാരയാട് എഎൽപി, കൊഴുക്കല്ലൂർ എ യു പി, മേപ്പയ്യൂർ എച്ച്എസ്എസ്, വാകയാട് എച്ച്എസ് എസ് എന്നിവിടങ്ങളിലായിരുന്നു പ്ലസ്ടു വരെ പഠനം. ബികോം രണ്ടാം വർഷമെത്തിയപ്പോഴാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ആഴത്തിലുള്ള മുറിവുകളുമായി നിൽക്കുന്ന ശരണ്യ വേദനകളെ മനോഹരമായ കലാസൃഷ്ടിയാക്കി. ‘അക്ഷരക്കൂട്ടിനാൽ മനസിന്റെ ക്യാൻവാസിൽ വാങ്മയ ചിത്രം വരച്ചവൾ/നിരാശയിൽ നല്ലൊരാശ്വാസമായി വന്ന പ്രത്യാശയാം കൂട്ടുകാരി’ എന്ന് കവിതയെക്കുറിച്ച് എഴുതുന്ന ശരണ്യ കവിതയിലൂടെ മുന്നോട്ടുള്ള യാത്രയ്ക്ക് ഊർജ്ജം തേടുകയാണ്.

eng­lish summary;In the world of refuge poems with an untir­ing mind

you may also like this video;

Exit mobile version