Site iconSite icon Janayugom Online

രണ്ട് ദിവസങ്ങളിലായി 14.5 ലക്ഷം കാർഡുടമകൾ റേഷൻ കൈപ്പറ്റി

സംസ്ഥാനത്ത് കഴി‍‍ഞ്ഞ രണ്ടു ദിവസങ്ങളിലായി റേഷൻ വിഹിതം കൈപ്പറ്റിയത് 14.5 ലക്ഷം കാർഡുടമകൾ. സാങ്കേതിക തകരാറുമായി ബന്ധപ്പെട്ട് ജനുവരി 13 മുതൽ സംസ്ഥാനത്തെ റേഷൻ വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന സമയക്രമീകരണം കഴി‍‍ഞ്ഞ ദിവസം പിൻവലിച്ചിരുന്നു. നിലവിൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും രാവിലെ 8.30 മുതൽ 12.30 വരെയും വൈകുന്നേരം 3.30 മുതൽ 6.30 വരെയും പ്രവർത്തിക്കുന്നുണ്ട്.

നാഷണല്‍ ഇന്‍ഫര്‍മാറ്റിക്ക് സെന്ററും സ്റ്റേറ്റ് ഐടി മിഷനും റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരുന്നതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. സാങ്കേതികമായതോ നെറ്റ്‌വർക്ക് സംബന്ധമായതോ ആയ പരാതികൾ ഒന്നും ഇന്നലെ റിപ്പോർട്ട് ചെയ്തില്ല. ഇന്നലെ 7,15,685 കാർഡുടമകൾ റേഷൻ വിഹിതം കൈപ്പറ്റി. ഇന്നലെ വരെ 69.62 ശതമാനം കാർഡുടമകളാണ് റേഷൻ വിഹിതം കൈപ്പറ്റിയിട്ടുള്ളത്. 2021 ഡിസംബര്‍ 28 വരെ 65.37 ശതമാനം മാത്രമായിരുന്നു റേഷന്‍ കൈപ്പറ്റിയിരുന്നത്. ജനുവരി മാസത്തെ റേഷന്‍ വിഹിതം കൈപ്പറ്റുന്നതിന് രണ്ടു പ്രവൃത്തി ദിവസങ്ങളാണ് അവശേഷിക്കുന്നത്.

എല്ലാ കാര്‍ഡുടമകളും ഈ ദിവസങ്ങള്‍ പ്രയോജനപ്പെടുത്തി തങ്ങളുടെ റേഷന്‍ വിഹിതം കൈപ്പറ്റണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

Eng­lish Sum­ma­ry: In two days, 14.5 lakh card­hold­ers received rations

You may like this video also

Exit mobile version