Site iconSite icon Janayugom Online

യുപിയില്‍ വീണ്ടും കോടതി ഉത്തരവ് ലംഘിച്ച് മസ‍്ജിദ് പൊളിച്ചു

ഉത്തര്‍പ്രദേശില്‍ വീണ്ടും മുന്‍കൂട്ടി അറിയിപ്പ് നല്‍കാതെ മസ‍്ജിദ് പൊളിച്ചു. അനുമതിയില്ലാതെ ആരാധനാലയങ്ങള്‍ ഇടിച്ചുനിരത്തരുതെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ബിജെപി സര്‍ക്കാരിന്റെ നടപടി. മുഖ്യമന്ത്രി ആദിത്യനാഥിന്റെ ശക്തികേന്ദ്രമായ ഗോരക‍്പൂരിലെ ഹതയിലെ മദനി മസ‍്ജിദിന്റെ ഒരു ഭാഗമാണ് ഇടിച്ചുനിരത്തിയത്. സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ചെന്ന് ആരോപിച്ചായിരുന്നു ഇത്. ഹൈക്കോടതിയുടെ സ്റ്റേയുണ്ടായിരുന്നെങ്കിലും അത് അവസാനിച്ച ഞായറാഴ്ച വന്‍ പൊലീസ് സന്നാഹത്തോടെ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കുകയായിരുന്നു. 

സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകള്‍ ജില്ലാ ഭരണകൂടം ലംഘിച്ചെന്ന് പള്ളിക്കമ്മിറ്റി പറഞ്ഞു. കോടതിയുടെ സ്റ്റേ ഉത്തരവ് നിലനില്‍ക്കെ, മുന്‍കൂട്ടി നോട്ടീസ് പോലും തരാതെയാണ് അധികൃതര്‍ പൊളിച്ചുമാറ്റിയത്. ഇതില്‍ നടപടി വേണമെന്നും പൊളിച്ച ഭാഗം പുനര്‍നിര്‍മ്മിക്കാന്‍ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പള്ളി കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മസ‍്ജിദ് നിന്നിരുന്നതെന്ന് സംസ്ഥാന നിയമസഭാ കൗണ്‍സില്‍ അംഗം ലാല്‍ ബിഹാരി യാദവ് വ്യക്തമാക്കി. വിഷയം നിയമസഭയിലും കൗണ്‍സിലിലും ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Exit mobile version