ഉത്തർപ്രദേശിലെ മഹോബ ജില്ലയിൽ വിരമിച്ച റെയിൽവേ ഉദ്യോഗസ്ഥനെ വീട്ടുജോലിക്കാർ പട്ടിണിക്കിട്ടു കൊന്നു. റെയിൽവേയിൽ സീനിയർ ക്ലർക്കായിരുന്ന ഓംപ്രകാശ് സിംഗ്(70) റാത്തോഡാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മാനസിക വെല്ലുവിളി നേരിടുന്ന മകളെ എല്ലും തോലുമായ നിലയിൽ വീടിനുള്ളിലെ ഇരുട്ടുമുറിയിൽ നിന്ന് കണ്ടെത്തി. 2016ൽ ഭാര്യ മരിച്ചതിനെത്തുടർന്ന് മകൾ രശ്മിയോടൊപ്പം താമസിച്ചിരുന്ന ഓംപ്രകാശ്, പരിചരണത്തിനായാണ് രാം പ്രകാശ് കുശ്വാഹയെയും ഭാര്യ രാംദേവിയെയും ജോലിക്ക് നിയമിച്ചത്. എന്നാൽ ക്രമേണ വീട് കൈക്കലാക്കിയ ദമ്പതികൾ അഞ്ച് വർഷത്തോളം ഇവരെ വീടിന്റെ താഴത്തെ നിലയിൽ ബന്ദികളാക്കി പീഡിപ്പിക്കുകയായിരുന്നു. പുറത്തുനിന്നുള്ള ബന്ധുക്കളെ കാണാൻ അനുവദിക്കാതെ ഇവർ തടഞ്ഞു.
ഓംപ്രകാശിന്റെ മരണവിവരമറിഞ്ഞ് എത്തിയ ബന്ധുക്കളാണ് ക്രൂരത പുറംലോകത്തെ അറിയിച്ചത്. ഭക്ഷണവും വെള്ളവും ലഭിക്കാതെ അസ്ഥികൂടം പോലെയായ നിലയിലായിരുന്നു ഓംപ്രകാശിന്റെ മൃതദേഹം. മകളെ നഗ്നയാക്കി പൂട്ടിയിട്ടിരിക്കുകയായിരുന്നു. വർഷങ്ങളോളം ഭക്ഷണം നൽകാതെ ഇവരെ പട്ടിണിക്കിട്ടാണ് ദമ്പതികൾ ക്രൂരത കാട്ടിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. പ്രതികൾക്കെതിരെ കർശന നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

