തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ ഉത്തര്‍ പ്രദേശില്‍ സ്ട്രോങ് റൂമില്‍ നിന്നും വോട്ടിങ് യന്ത്രങ്ങള്‍ വാഹനത്തില്‍ കടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസിയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്നാണ് വോട്ടിങ് യന്ത്രങ്ങള്‍ മോഷ്ടിച്ചത്. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനും അസംഗഡിലെ സ്ഥാനാര്‍ത്ഥിയുമായ അഖിലേഷ് യാദവാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
വോട്ടിങ് യന്ത്രങ്ങള്‍ ട്രക്കില്‍ സൂക്ഷിച്ചിരിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇവ വോട്ടെടുപ്പ് സമയത്ത് ഉപയോഗിച്ചിരുന്നവയല്ലെന്നും പരിശീലനത്തിനു വേണ്ടി കൊണ്ടുവന്ന യന്ത്രങ്ങളാണെന്നുമാണ് വാരാണസി ജില്ലാ മജിസ്ട്രേറ്റിന്റെ ഭാഷ്യം. രാഷ്ട്രീയ പാര്‍ട്ടികള്‍ അപവാദ പ്രചരണം നടത്തുകയാണെന്നും വോട്ടിങ് യന്ത്രങ്ങള്‍ കനത്ത സുരക്ഷയില്‍ സ്ട്രോങ് റൂമില്‍ ഉണ്ടെന്നും ജില്ലാ മജിസ്ട്രേറ്റ് കൗശല്‍ രാജ് ശര്‍മ പറഞ്ഞു.
അതേസമയം വാരാണസിയില്‍ നിന്ന് മൂന്ന് ട്രക്കുകളിലായാണ് വോട്ടിങ് യന്ത്രങ്ങള്‍ കടത്തിയതെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഒരെണ്ണം ഞങ്ങള്‍ പിടികൂടി, മറ്റ് രണ്ടെണ്ണം രക്ഷപ്പെട്ടു. സംശയാസ്പദമായി ഒന്നും നടന്നിട്ടില്ലെങ്കില്‍ രണ്ടു ട്രക്കുകള്‍ നിര്‍ത്താതെ പോയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം ബിജെപിക്ക് ലീഡ് കുറയുകയാണെങ്കില്‍ വോട്ടെണ്ണല്‍ മന്ദഗതിയിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡിഎമ്മിനെ വിളിച്ചതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇപ്പോള്‍ വോട്ടിങ് യന്ത്രങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 47 സീറ്റുകളില്‍ ബിജെപി ജയിച്ചത് 5000ത്തില്‍ താഴെ ലീഡില്‍ മാത്രമാണ്. ഇപ്പോള്‍ എക്സിറ്റ് പോളുകള്‍ ബിജെപി വിജയം പ്രവചിക്കുന്നത് കള്ളത്തരം നടന്നതിനെ മൂടിവയ്ക്കാനാണെന്നും അഖിലേഷ് പറഞ്ഞു.
English Summary: In Uttar Pradesh, voting machines were smuggled
You may like this video also